തൃശ്ശൂർ: മനുഷ്യക്കടത്ത് കേസിൽ രണ്ടു കന്യാസ്ത്രീകളടക്കം അഞ്ചുപ്രതികളെയും തൃശ്ശൂർ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ. കമനീസ് കുറ്റവിമുക്തരാക്കി. മതിയായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി വിചാരണയ്ക്കു മുൻപുതന്നെ കേസ് റദ്ദാക്കുകയായിരുന്നു.
2022-ൽ കോവിഡ് കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ധൻബാദ്-ആലപ്പി എക്‌സ്പ്രസിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ഝാർഖണ്ഡ് സ്വദേശികളായ മൂന്നു പെൺകുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകരാണ് റെയിൽവേ പോലീസിൽ ഏൽപ്പിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന ബന്ധുവിനെ കേസിൽ ഒന്നാംപ്രതിയാക്കി. ഇയാൾ തൃശ്ശൂരിൽ ജോലിചെയ്തിരുന്നയാളാണ്. ഇവരെ സ്റ്റേഷനിൽനിന്ന് കൂട്ടിക്കൊണ്ടുപോകാൻവന്ന ആമ്പക്കാട് സെയ്ന്റ് ജോസഫ് കോൺവെന്റ്, പൂമല ഫാത്തിമ കോൺവെന്റ് എന്നിവിടങ്ങളിലെ മദർ സൂപ്പീരിയർമാരെയാണ് നാലും അഞ്ചും പ്രതികളാക്കിയത്.
മനുഷ്യക്കടത്ത് സംബന്ധിച്ച ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധവകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയത്. വീട്ടുജോലിക്കെന്ന വ്യാജേന പെൺകുട്ടികളെ കൊണ്ടുവന്നുവെന്നായിരുന്നു ആരോപണം. കേസ് ഫയൽചെയ്‌ത് അറസ്റ്റിലേക്ക് കടക്കുംമുൻപ് കുറ്റം ചുമത്തിയവരെല്ലാം മുൻകൂർ ജാമ്യംനേടി. കുട്ടികൾ മൂന്നാംദിവസം നാട്ടിലേക്ക് തിരിച്ചുപോവുകയും ചെയ്തു.
കുട്ടികൾക്ക് പ്രായപൂർത്തിയായില്ലെന്നും ബാലവേലയ്ക്കു കൊണ്ടുവന്നതാണെന്നും ഇത് മനുഷ്യക്കടത്താണെന്നുമായിരുന്നു പ്രോസിക്യൂഷൻ്റെ ആരോപണം. എന്നാൽ, കുറ്റപത്രത്തെ പിന്തുണയ്ക്കുംവിധം തെളിവുകളൊന്നുംതന്നെയില്ലെന്ന് ജഡ്ജി കെ.കമനീസ് നിരീക്ഷിച്ചു.
പെൺകുട്ടികളെ കൊണ്ടുവന്നത് മാതാപിതാക്കളുടെ പൂർണസമ്മതത്തോടെയും അവരുടെ ആഗ്രഹത്തിനനുസരിച്ചുമാണ്. അടിമത്തത്തിനോ അതിനുസമാനമായ സാഹചര്യത്തിനോ ബലപ്രയോഗത്തിനോ ലൈംഗികചൂഷണത്തിനോ നിർബന്ധിത ജോലിചെയ്യിക്കലിനോ തെളിവില്ല.
ദുരുപയോഗം, തട്ടിക്കൊണ്ടുപോകൽ, വഞ്ചന എന്നിവയ്ക്ക് സാക്ഷികളാരും മൊഴിനൽകിയിട്ടുമില്ലെന്നും കോടതി പറഞ്ഞു.
പ്രതിപ്പട്ടികയിലുൾപ്പെടുത്തിയ അഞ്ചുപേരെയും ഔദ്യോഗികമായി കുറ്റങ്ങളിൽനിന്ന് ഒഴിവാക്കി.


