ചാലക്കുടി:ചാലക്കുടിപ്പുഴ നിറയുന്നതിനാൽ സമീപവാസികൾക്ക് ജാഗ്രതാ നിർദേശം. മഴ കനത്തതും ഡാമുകൾ തുറന്നതുമാണ് പുഴയിൽ ജലവിതാനം ഉയരാൻ കാരണമായത്. ശനിയാഴ്‌ച ശക്തമായ മഴയാണ് ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് പെയ്‌തത്. പറമ്പികുളം ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. തമിഴ്‌നാട് ഷോളയാർ ഡാം തുറന്നതിനാൽ അധികജലം കേരള ഷോളയാർ ഡാമിലെത്തുന്നുണ്ട്. 3908 ഘനയടി വെള്ളവും പവർ ഹൗസ് പ്രവർത്തിപ്പിക്കുന്നതിനാൽ അവിടെ നിന്നുള്ള 640ഘനയടി വെള്ളവും ഷോളയാർ ഡാമിലെത്തുന്നുണ്ട്. ഡാമിലെ ജലവിതാനം ഉയർന്നതിനാൽ മൂന്ന് ഷട്ടറുകൾ രണ്ടടി വീതം ഉയർത്തിയിട്ടുണ്ട്. ഇവിടെ നിന്ന് 150 ഘനയടി വെള്ളം പെരിങ്ങിൽകുത്ത് ഡാമിലേക്ക് എത്തുന്നതായാണ് കണക്ക്. പെരിങ്ങൽകുത്ത് ഡാമിന്റെ രണ്ട് ബ്ലൂവീസ് വാൽവുകളും ഏഴ് സ്‌പിൽവേ ഗേറ്റും തുറന്നതിനാൽ ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്ന് വരികയാണ്. ചാലക്കുടിപ്പുഴയിൽ നിലവിൽ 4മീറ്ററാണ് വെള്ളം. മഴ കനത്ത സാഹചര്യത്തിൽ അതിരപ്പിള്ളി, വാഴച്ചാൽ ടൂറിസം മേഖല ഞായർ മുടക്കമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.


