തൃശൂർ: ഒല്ലൂരിൽ സാക്ഷി മൊഴി നൽകാനെത്തിയ പോലീസുദ്യോഗസ്ഥ കോടതി മുറ്റത്തു നിന്ന് നേരെ ആശുപത്രിയിലെ പ്രസവമുറിയിലേക്ക്. ഒല്ലൂർ പോലീസ് സ്റ്റേഷനിലെ സിവിൽ ഓഫീസറായ ശ്രീലക്ഷ്മിയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്.
ഒല്ലൂർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായിരുന്ന ഫർഷാദിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൊഴി നൽകുന്നതിനുവേണ്ടിയാണ് ശ്രീലക്ഷ്മി കോടതിയിൽ ഡ്യൂട്ടിയിലെത്തിയത്. ഈ കേസിൽ മൊഴി നൽകിയതിനുശേഷം പ്രസവാവധി എടുക്കാനായിരുന്നു ശ്രീലക്ഷ്മിയുടെ തീരുമാനം.
ഒൻപതുമാസം കഴിഞ്ഞ ശ്രീലക്ഷ്മി ദിവസവും ഓട്ടോയിലാണ് ഡ്യൂട്ടിക്ക് എത്തിയിരുന്നത്. തിങ്കളാഴ്ച മൊഴി നൽകേണ്ട ദിവസം നേരത്തേ സ്റ്റേഷനിലെത്തി. ഇന്നലെ സ്റ്റേഷനിൽ നിന്നും സഹപ്രവർത്തകർക്കൊപ്പം വാഹനത്തിൽ കോടതി മുറ്റത്തെത്തിയ ശ്രീലക്ഷ്മിക്ക് പെട്ടെന്ന് ബ്ളീഡിങ് തുടങ്ങുകയായിരുന്നു.
ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശ്രീലക്ഷ്മി പ്രസവിച്ചു. ശാരീരിക വിശ്രമം വേണ്ട സമയത്തും ഡ്യൂട്ടിയിലെത്തി പൊലീസുദ്യോഗസ്ഥ കാണിച്ച കൃത്യനിർവ്വഹണത്തോടുള്ള ആത്മാർത്ഥയെ സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോ ആർ ഐപിഎസും സഹപ്രവർത്തകരും അഭിനന്ദിക്കുകയും കുഞ്ഞിനും അമ്മയ്ക്കും ആശംസകൾ അറിയിക്കുകയും ചെയ്തു.


