കൊടകര:സൈബർ തട്ടിപ്പിന് പുതുരീതികളുമായി കുറ്റവാളികൾ. വാട്‌സ്ആപ്പ് സന്ദേശം വഴി അയക്കുന്ന ലിങ്കിൽ കയറിയാൽ ഫോൺ ഉൾപ്പെടെ ഹാക്ക് ചെയ്യുന്ന രീതിയിലാണ് തട്ടിപ്പ്. മോട്ടോർ വാഹന വകുപ്പിൻ്റേതെന്നു തോന്നിപ്പിക്കുന്ന രീതിയിൽ പിഴയടയ്ക്കാൻ ആവശ്യപ്പെട്ടാണ് സന്ദേശങ്ങളെത്തുന്നത്. വിവരങ്ങൾക്ക് ലിങ്ക് തുറന്നു നോക്കാനും പറയും. ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഫോണിലെ ബാങ്കിന്റേതുൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും അവർക്ക് ലഭിക്കും. കൊടകര സ്വദേശി ഹരീന്ദ്രന് ഇത്തരത്തിൽ സന്ദേശമെത്തി. ബാങ്ക് അക്കൗണ്ടിന്റെ ആപ്പ് വേറൊരാൾ തുറക്കാൻ ശ്രമിക്കുന്നതായി വന്ന സന്ദേശത്തിലാണ് ഹാക്ക് ചെയ്‌തതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ബാങ്കിൽ ബന്ധപ്പെട്ട് പണമിടപാടുകൾ ബ്ലോക്ക് ചെയ്‌തു. വാട്‌സ്ആപ്പ് ലിങ്കിലുള്ള നമ്പറിൽ വിളിച്ചപ്പോൾ കളമശേരി സ്വദേശിയുടേതാണെന്ന് മനസ്സിലായി. ഇയാളുടെ ഫോൺ കഴിഞ്ഞ ദിവസം ഹാക്ക് ചെയ്‌തിരുന്നു. തുടർന്നാണ് വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചത്.


