തൃശൂർ:പാലക്കാട്ട് രണ്ടാമതും നിപാ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി പി ശ്രീദേവി അറിയിച്ചു. നിപാ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്. പകർച്ചവ്യാധി നിരീക്ഷണ പ്രവർത്തനങ്ങളും പുരോ ഗമിക്കുകയാണ്. രോഗലക്ഷണങ്ങൾ നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യാൻ എല്ലാ സർക്കാർ-, സ്വകാര്യ ആശുപത്രികൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. പൊതുജന പങ്കാളിത്തത്തോടെ ജന്തുജന്യ രോഗ പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുമെന്നും ഡിഎംഒ അറിയിച്ചു. പനിയോടൊപ്പം ശക്തമായ തലവേദന, തൊണ്ട വേദന, പേശീവേദന, ചുമ, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ക്ഷീണം, ഛർദി, തളർച്ച, കാഴ്ചമങ്ങൽ, മാനസിക വിഭ്രാന്തി, ബോധക്ഷയം എന്നിവയാണ് നിപായുടെ പ്രധാന രോഗലക്ഷണങ്ങൾ. രോഗം പകരാതിരിക്കാൻ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക്‌ക് ഉപയോഗിക്കണം. രോഗികളെ പരിചരിക്കുന്നവർ എൻ-95 മാസ്കുകും കൈയുറകളും നിർബന്ധമായും ഉപയോഗിക്കണം. കൈകൾ ഇടയ്ക്കിടെ സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് വൃത്തിയാക്കുക. പല സ്ഥലങ്ങളിലും സ്പർശിക്കുന്നത് പരമാവധി ഒഴിവാക്കുക. രോഗീ സന്ദർശനവും പകർച്ചവ്യാധി സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകളും ഒഴിവാക്കുക.
രോഗലക്ഷണങ്ങളുള്ളവർ ഉപയോഗിച്ച വസ്ത്രങ്ങളും ബെഡ്‌ഷിറ്റുകളും പുഴുങ്ങി അലക്കി ഉണക്കുക. മുറിവുകൾ, വ്യക്തിഗത സാധനങ്ങൾ എന്നിവ അണുനാശിനി ഉപയോഗിച്ച് ശുചീകരിക്കുക.


