തൃശൂർ:അവശ്യസാധനങ്ങൾ വാങ്ങാനും വിശപ്പ് മാറ്റാനും വിദ്യാർഥികൾക്കിനി സ്‌കൂളിന് പുറത്തേക്ക് പോകേണ്ട. കുട്ടികൾക്ക് ആവശ്യമുള്ള സാധനങ്ങളും ലഘുഭക്ഷണങ്ങളും സ്‌കൂളിനകത്ത് തന്നെ ലഭ്യമാക്കാൻ സ്ക്രൂഫെ പദ്ധതിയുമായി കുടുംബശ്രീ. സ്‌കൂളുകളിലെത്തിയാൽ കുട്ടികൾ പല ആവശ്യങ്ങൾക്കും പുറത്തുപോകേണ്ടിവരുന്ന സാഹചര്യം തിരിച്ചറിഞ്ഞതോടെയാണ് വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് കുടുംബശ്രീ പദ്ധതി ആവിഷ്‌കരിച്ചത്. കിയോസ്ക് മാതൃകയിൽ സ്റ്റേഷനറി കം സ്‌നാക്സ് എന്ന നിലയിലാണ് സെൻ്ററുകൾ ഒരുക്കുന്നത്. വിദ്യാർഥികൾക്ക് ആവശ്യമായ നോട്ട് ബുക്ക്, പേന തുടങ്ങിയ സ്റ്റേഷനറി സാധനങ്ങളും നാപ്‌കിൻ പോലെയുള്ള എല്ലാ അവശ്യവസ്തുകളും സെൻ്ററിൽ ലഭിക്കും. ഒപ്പം പോഷകസമ്പൂർണമായ ലഘുഭക്ഷണവും ലഭിക്കും. പൂർണമായും സ്‌കൂൾ കോമ്പൗണ്ടിന് അകത്താണ് സെൻ്റർ പ്രവർത്തിക്കുക. ഇതിലൂടെ സ്‌കൂൾ പ്രവർത്തന സമയത്ത് കുട്ടികൾ സ്‌കൂളിനുപുറത്ത് പോകുന്നത് ഒഴിവാക്കാനും അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും ലഹരി വസ്‌തുക്കളുമായി സമ്പർക്കം ഉണ്ടാകുന്നത് നിയന്ത്രിക്കാനും കഴിയും. കുടുംബശ്രീ സിഡിഎസ് മുഖേനയാണ് സെൻറർ നടത്താനുള്ള സംരംഭകരെ തെരഞ്ഞെടുക്കുക. ഇതിലൂടെ അംഗങ്ങൾക്ക് അധിക വരുമാനം നേടാനും കഴിയും. പരീക്ഷണാടിസ്ഥാനത്തിൽ ജില്ലയിൽ
അഴിക്കോട് സീതി സാഹിബ് മെമ്മോറിയൽ സ്കൂൾ, ജിഎച്ച്എസ്എസ് കരൂപ്പടന്ന, എടവിലങ്ങ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ മൂന്നു സ്ക്രൂഫെ സെൻ്ററുകൾ ആരംഭിച്ചു. ഈ വർഷം 100 കേന്ദ്രങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തിൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പദ്ധതി ആരംഭിക്കുന്നത്. നാലു ലക്ഷം രൂപയാണ് ഒരു സെൻ്റർ ആരംഭിക്കുന്നതിനുള്ള ചെലവ്. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 58 സ്‌കൂളുകളിലും സ്ക്രൂഫെ സെൻ്റർ ഉടൻ ആരംഭിക്കും. ഇതിനായി ഒരു സെൻ്ററിന് രണ്ട് ലക്ഷം രൂപ ജില്ലാ പഞ്ചായത്തിൻ്റെ പ്ലാൻ ഫണ്ടിൽ നിന്ന് നൽകും. എയിഡഡ് സ്കൂകൂളുകളിൽ ആരംഭിക്കുന്ന സെൻ്റുകൾക്ക് 50,000 രൂപ കുടുംബശ്രീ സബ്‌സിഡിയായും നൽകും. സെൻ്ററുകളിൽ വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് സാധനങ്ങൾ ലഭ്യമാക്കുക.


