തൃശ്ശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ പോലീസുകാരൻ പിടിയിലായി. ഒല്ലൂർ സ്‌റ്റേഷനിലെ ഗ്രേഡ് സിപിഒ സജീഷാണ് പിടിയിലായത്. 2000 രൂപയാണ് സജീഷ് കൈപ്പറ്റിയത്.
തമിഴ്‌നാട് സ്വദേശികളുടെ ഇൻഷുറൻസ് ക്ലെയിമുമായി ബന്ധപ്പെട്ട പരാതിയിൽ പരാതിക്കാരന് ആവശ്യമായ രേഖകൾ നൽകുന്നതിനാണ് പണം ആവശ്യപ്പെട്ടത്. തമിഴ്‌നാട് സ്വദേശികളുടെ പരിചയക്കാരനായ യേശുദാസ് എന്ന വ്യക്തിയിൽ നിന്നാണ് താൻ ചെയ്‌തുതരുന്ന സഹായത്തിന് 2000 രൂപ നൽകണമെന്ന് സജീഷ് ആവശ്യപ്പെട്ടത്. യേശുദാസ് വിജിലൻസ് ഓഫീസുമായി ബന്ധപ്പെടുകയും സജീഷിനെ കുടുക്കുന്നതിനായി വിജിലൻസ് ഉദ്യോഗസ്ഥർ നൽകിയ പണവുമായി സജീഷിനരികിലെത്തുകയുമായിരുന്നു.
യേശുദാസിന് രേഖകൾ നൽകി സജീഷ് പണം കൈപ്പറ്റുകയും വിജിലൻസ് ഉദ്യോഗസ്ഥർ ഉടനെ തന്നെ സജീഷിനെ പിടികൂടുകയുമായിരുന്നു. ഒല്ലൂർ പോലീസ് സ്റ്റേഷനിൽ നിന്നാണ് വിജിലൻസ് സംഘം സജീഷിനെ പിടികൂടിയത്. സജീഷിനെ മെഡിക്കൽ പരിശോധനയ്ക്കുശേഷം തുടർനടപടികൾക്കായി വിജിലൻസ് ഓഫീസിലിലേക്ക് കൊണ്ടുപോയി.