പന്നിത്തടം (തൃശ്ശൂർ): കേച്ചേരി – അക്കികാവ് ബൈപാസിലെ പന്നിത്തടം കവലയിൽ കെഎസ്ആർടിസി ബസും മത്സ്യം കയറ്റി വന്നി ലോറിയും കൂട്ടിയിടിച്ച് അപകടം. പതിനാലു പേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.
വ്യാഴാഴ്ച്‌ച പുലർച്ചെ 1.30-നാണു അപകടം. കോഴിക്കോട് നിന്ന് കുമളിയിലേക്കാണ് കെഎസ്ആർടിസി ബസ് സഞ്ചരിച്ചിരുന്നത്. കുന്നംകുളത്തു നിന്ന് മത്സ്യം കയറ്റി ആലത്തൂർ ഭാഗത്തേക്കാണ് ലോറി സഞ്ചരിച്ചിരുന്നത്. അപകടത്തിനു ശേഷം വാഹനങ്ങൾ സമീപത്തെ രണ്ടു കടകളിലേക്ക് ഇടിച്ചു കയറി. പരിക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ്സിന്റേയും ലോറിയുടേയും മുൻവശം പൂർണ്ണമായി തകർന്നു.
ബൈപ്പാസ് നവീകരണം കഴിഞ്ഞ ശേഷം അപകടങ്ങൾ പതിവാണ്. കഴിഞ്ഞ ദിവസം സമാന രീതിയിൽ മത്സ്യം കയറ്റി വന്നിരുന്ന ലോറിയും മറ്റൊരു ലോറിയും കൂട്ടിയിടിച്ചിരുന്നു. വേഗത നിയന്ത്രിക്കുന്നതിന് ബൈപ്പാസിൽ താത്ക്കാലിക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ വടക്കാഞ്ചേരി-ചാവക്കാട് സംസ്ഥാനപാതയിൽ വേഗത നിയന്ത്രിക്കുന്നതിന് സംവിധാനങ്ങളില്ലാത്തതാണ് വിനയാകുന്നത്.