പുന്നയൂർക്കുളം:ദേശീയപാതയിൽ അണ്ടത്തോട് മുതൽ ചാവക്കാട് വരെയുള്ള ഭാഗങ്ങളിൽ അപകടങ്ങൾ പതിവ്. മഴ പെയ്തതോടെ സർവീസ് റോഡുകൾ വെള്ളക്കെട്ടിലാണ്. റോഡുകളിലാകട്ടെ കുഴികളും. കഴിഞ്ഞ ദിവസം അകലാട് മൂന്നയിനിയിൽ ഭാരം കയറ്റുവന്ന ലോറി ചെരിഞ്ഞു. റഹ്‌മത്ത് ഓഡിറ്റോറിയത്തിനു സമീപത്തുള്ള കുഴിയിൽ വീണിട്ടാണ് ലോറി ചെരിഞ്ഞത്.
മരം കയറ്റി വന്ന ലോറിയാണ് ചെരിഞ്ഞത്. നാട്ടുകാരുടെയും ഡ്രൈവറുടെയും സമയോചിതമായ ഇടപെടലിനെത്തുടർന്ന് വാഹനം മറിയാതെ വൻ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. മണിക്കൂറുകളെടുത്താണ് ലോറി ഇവിടെനിന്ന് മാറ്റിയത്. ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീഴുന്നത് പതിവുകാഴ്ചയാണ്. പൊന്നാനി ഭാഗത്തുനിന്ന് അണ്ടത്തോട് പെരിയമ്പലം വരെ സർവീസ് റോഡിന്റെ പണികൾ കഴിഞ്ഞിട്ടുണ്ട്. തുടർന്നുള്ള ഭാഗങ്ങളിലാണ് ഇപ്പോൾ പണികൾ നടക്കുന്നത്. നിലവിൽ വെള്ളം ഒഴിഞ്ഞുപോകാനുള്ള സംവിധാനം ഇല്ലാത്തതിനാൽ മഴ വിട്ടുനിൽക്കുന്ന സമയങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്
കഴിഞ്ഞദിവസം ചില കുഴികൾ മണ്ണിട്ട് നികത്തിയെങ്കിലും അടുത്ത മഴയിൽത്തന്നെ ഇവ ഒലിച്ചുപോയി. അടിപ്പാതയുള്ള അണ്ടത്തോട്ട് വലിയ തോതിലുള്ള വെള്ളക്കെട്ടാണുള്ളത്. നിർമാണസാമഗ്രികൾ റോഡരികിൽ കിടക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.


