നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറും, മകള്‍ ദിയ കൃഷ്ണയുമായി ബന്ധപ്പെട്ട കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി. ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും 3 ജീവനക്കാരികള്‍ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന കൃഷ്ണകുമാറിന്റെ പരാതിയിലെ കേസും, ജീവനക്കാരികള്‍ നല്‍കിയ തട്ടിക്കൊണ്ടു പോകല്‍ പരാതിയിലെ കേസുമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. മ്യൂസിയം പൊലീസാണ് നിലവില്‍ കേസുകള്‍ അന്വേഷിച്ചിരുന്നത്. കേസ് അന്വേഷിക്കുന്നതില്‍ മ്യൂസിയം പൊലീസിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ക്രമസമാധാന ചുമതലയില്‍ സജീവമായി നില്‍ക്കുന്ന സ്റ്റേഷനാണ് മ്യൂസിയം സ്റ്റേഷന്‍. ഈ തിരക്കുകള്‍ക്കിടയില്‍ കേസുകള്‍ കാര്യമായി അന്വേഷിക്കാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതെന്നും സൂചനയുണ്ട്. അതേ സമയം സാമ്പത്തിക തിരിമറി കേസില്‍ ചോദ്യം ചെയ്യലിനായി ‘ഒ ബൈ ഒസി’യിലെ മൂന്ന് ജീവനക്കാരും ഹാജരായിരുന്നില്ല. മൊഴി എടുക്കുന്നതിനായി ഇന്നലെ സ്റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മ്യൂസിയം പൊലീസ് മൂന്ന് പേര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മൂന്ന് പേരും സ്റ്റേഷനില്‍ എത്തുകയോ ബന്ധപ്പെടുകയോ ചെയ്തിരുന്നില്ല. തിങ്കളാഴ്ച വീട്ടില്‍ എത്തിയ പൊലീസിന് ജീവനക്കാരികളെ കാണാന്‍ കഴിഞ്ഞില്ലെന്നാണ് വിവരം.


