മലയാളത്തിലെ ആദ്യത്തെ നൂറുകോടി ചിത്രമാണ് മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ് ആക്ഷൻ പുലിമുരുകൻ. ബോക്‌സ് ഓഫീസിൽ ഓളം സൃഷ്ടിച്ച ഈ ചിത്രത്തിനു പ്രത്യേക ഫാൻ ബെയ്സ് തന്നെയുണ്ട്.
പുലിമുരുകനിൽ മോഹൻലാലിന്റെയും കമാലിനി മുഖർജിയുടെയും മകൾ ചക്കിയായി അഭിനയിച്ചത് ബേബി ദുർഗ്ഗ പ്രേംജിത് ആയിരുന്നു. ദുർഗ്ഗയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മുരുകന്റെ ചക്കി ആളാകെ മാറിയല്ലോ എന്നാണ് ആരാധകരുടെ കമന്റ്.
വനത്തിൽ കടുവകളുമായി ഏറ്റുമുട്ടുന്ന, പുലിയുടെ അതേ രൗദ്രത നിറഞ്ഞ മുരുകൻ എന്ന കഥാപാത്രത്തെയായിരുന്നു മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. ഉദയകൃഷ്ണ തിരക്കഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് ഷാജി കുമാറാണ്. ജോൺകുട്ടി എഡിറ്റിംഗും പീറ്റർ ഹെയ്ൻ ആക്ഷനും ഗോപി സുന്ദർ സംഗീതവും നിർവ്വഹിച്ചു. മികച്ച സൗണ്ട് കൊറിയോഗ്രാഫിക്കുള്ള പുരസ്കാരവും പുലിമുരുകൻ സ്വന്തമാക്കിയിരുന്നു. ടോമിച്ചൻ മുളകുപാടം നിർമ്മിച്ച ചിത്രത്തിൽ നായികയായി എത്തിയത് കമാലിനി മുഖർജിയായിരുന്നു. തെന്നിന്ത്യൻ നടനായ ജഗപതി ബാബുവിൻ്റെ ഡാഡി ഗിരിജ എന്ന കഥാപാത്രവും വലിയ രീതിയിൽ ശ്രദ്ധ നേടി.
25 കോടി മുതൽമുടക്കിൽ നിർമ്മിച്ച ചിത്രം ബോക്സോഫീസിൽ ഏകദേശം 152 കോടിയോളം നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നമിത, സുരാജ് വെഞ്ഞാറമൂട്, ബാല, സുധീർ കരമന, വിനുമോഹൻ, സിദ്ദിഖ്, കിഷോർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന അഭിനേതാക്കളായി എത്തിയിരുന്നു.