ദുരഭിമാനക്കൊലക്കിരയായ കെവിനെ മയാളികൾ അത്രവേഗം മറക്കില്ല. കെവിൻ മരണപ്പെട്ട് ഏഴ് വർഷം പൂർത്തിയായ വേളയിൽ കെവിന്റെ നീനു വിവാഹിതയായി എന്ന രീതിയിൽ ഓൺലൈൻ മീഡിയ പ്ലാറ്റ്ഫോമുകളിൽ വാർത്ത പ്രചരിച്ചിരുന്നു. ഇപ്പോളിതാ ഇതേക്കുറിച്ച് പറയുകയാണ് കെവിന്റെ അച്ഛൻ.
നീനുവിന്‍റെ കല്യാണം കഴിഞ്ഞെന്ന വാര്‍ത്ത തനിക്ക് അറിയില്ലെന്നും, അത്തരം വ്യാജപ്രചരണം നടത്തുന്നവരോട് തന്നെ പോയി ചോദിക്കണമെന്നും ഞാൻ കൈപിടിച്ച് കൊടുത്തിട്ടില്ലെന്നും കെവിന്റെ അച്ഛൻ ഓണ്‍ലൈന്‍ മാധ്യമത്തോട് പറയുന്നു. നീനു ഇപ്പോള്‍ എംഎസ്ഡബ്യൂ കഴിഞ്ഞ് ജോലിചെയ്യുകയാണെന്നും കെവിന്റെ അച്ഛൻ പറഞ്ഞു.
കേസിലെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. 2018 മെയിലായിരുന്നു കേസിന് ആസ്പദമായ കൊല നടന്നത്. ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ ജോസഫിന്റെ മകന്‍ കെവിന്‍ പി. ജോസഫ്, നീനു എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് നീനുവിന്റെ ബന്ധുക്കളുടെ ദുരഭിമാനവും വിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കേസ്. താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനെ വിവാഹം കഴിച്ചാല്‍ കുടുംബത്തിന് അപമാനം ഉണ്ടാകുമെന്ന നീനുവിന്റെ സഹോദരനും ഒന്നാം പ്രതിയുമായ സാനു ചാക്കോയുടെ വാട്‌സ്ആപ്പ് സന്ദേശം പ്രോസിക്യൂഷന്‍ തെളിവായി കോടതിയില്‍ ഹാജരാക്കിയിരുന്നു.
നീനുവിനെ വിവാഹം ചെയ്ത് നല്‍കാമെന്ന് അച്ഛന്‍ ചാക്കോ ഒത്ത് തീര്‍പ്പ് ചര്‍ച്ചയില്‍ കെവിനോട് പറഞ്ഞിരുന്നുവെന്നും അതുകൊണ്ട് ദുരഭിമാനക്കൊലപാതകം അല്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചിരുന്നു. കെവിനൊപ്പം പ്രതികള്‍ തട്ടിക്കൊണ്ടുപോയ അനീഷായിരുന്നു മുഖ്യസാക്ഷി. നിയാസ് ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി കെവിന്‍ പറഞ്ഞിരുന്നു എന്ന നീനുവിന്റെ മൊഴിയാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായത്.