വാടാനപ്പള്ളി:ദേശീയപാത നിർമാണത്തെത്തുടർന്ന് തോടുകൾ അടച്ചതോടെ വെള്ളക്കെട്ടിലായി നടുവിൽക്കര. മേഖലയിൽ 50 ലധികം വീടുകൾ വെള്ളത്തിലായി. പൊലീസ് സ്റ്റേഷന് കിഴക്ക് പുതിയ പാലം മുതൽ നടുവിൽക്കര വടക്കുമുറി വരെ ദേശീയപാതയ്ക്ക് സമീപമുള്ള വീടുകളാണ് വെള്ളത്തിലായത്. നേരത്തേ പാടമായിരുന്ന പ്രദേശത്തെ വെള്ളം ഒഴുകിപ്പോ യിരുന്ന തോടുകൾ ഏറെയും ദേശിയപാത നിർമാണത്തെ ത്തുടർന്ന് അടച്ചിരുന്നു. മഴയിൽ വെള്ളം തോടുകൾ വഴി ഒഴുകി കനോലി പുഴയിലാണ് എത്തിയിരുന്നത് തോടുകൾ അടച്ചതോടെ വെള്ളം ഒഴുകിപ്പോകാത്തതാണ് വെള്ളക്കെട്ടിന് കാരണം. പാലത്തിന് കിഴക്ക്, വടക്ക്, മണ്ണാംപുറത്ത് ക്ഷേത്ര പരിസരം, പടിയം ക്ഷേത്രത്തിന് സമിപം, ചക്കാമഠത്തിൽ ക്ഷേത്രത്തിന് കിഴക്ക്, ഹെൽത്ത് സെൻ്ററിന് പടിഞ്ഞാറ്, പ്രങ്ങാട്ട് ക്ഷേത്രത്തിന് കിഴക്ക്, എംഗൽസ് നഗറിന് കിഴക്ക് എന്നിവിടങ്ങളിലാണ് വെള്ളം നിറഞ്ഞത്. വെള്ളം കെട്ടി നിന്ന് കറുത്ത നിറമായിട്ടുണ്ട്. ഇത് ചവിട്ടിയാണ് വീട്ടുകാർ പുറത്തിറങ്ങുന്നത് വെള്ളം ഒഴുക്കിവിടാൻ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.


