Tuesday, June 17, 2025
HomeEntertainmentകര്‍ണാടകയില്‍ 'തഗ് ലൈഫി'ന് നിരോധനം
spot_img

കര്‍ണാടകയില്‍ ‘തഗ് ലൈഫി’ന് നിരോധനം

കന്നഡ ഭാഷാവിവാദത്തില്‍ മാപ്പുപറയില്ലെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയതോടെ കര്‍ണാടകയില്‍ ‘തഗ് ലൈഫ്’ പ്രദര്‍ശന വിലക്കിലേക്ക്‌. മാപ്പുപറയാന്‍ രണ്ടുതവണ അനുവദിച്ച സമയപരിധി അവസാനിച്ചതോടെയാണ് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ചിത്രം സംസ്ഥാനത്ത് നിരോധിക്കാന്‍ തീരുമാനിച്ചത്.നേരത്തെ, ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ മാപ്പുപറയില്ലെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു.

‘കന്നഡ അനുകൂലസംഘടനകളുടെ വികാരത്തിനൊപ്പമാണ് ഫിലിം ചേംബര്‍. വിതരണക്കാരെ വിളിച്ചുവരുത്തി കമല്‍ഹാസനുമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തീയേറ്റര്‍ ഉടമകളുമായും ചര്‍ച്ച നടത്തി. കമല്‍ മാപ്പു പറയുന്നതുവരെ ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കേണ്ടെന്നാണ് തീരുമാനം’, ഫിലിം ചേംബര്‍ പ്രസിഡന്റ് എം. നരസിംഹലു ദി ഫെഡറലിനോട് പറഞ്ഞു. ഇതോടെ ആഗോളറിലീസായി ജൂണ്‍ അഞ്ചിന് എത്തുന്ന ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് വ്യക്തമായി.

പരാമര്‍ശത്തിനെതിരേ ഉയരുന്ന പ്രതിഷേധങ്ങളെക്കുറിച്ച് കമല്‍ഹാസനെ ഇ- മെയില്‍ വഴി അറിയിച്ചിരുന്നു.എന്നാല്‍ ഇതുവരെ മറുപടി ഒന്നും ലഭിച്ചിട്ടില്ലെന്നും നരസിംഹലു അറിയിച്ചു.

നേരത്തെ, ചെന്നൈയില്‍ ഡിഎംകെ ആസ്ഥാനത്ത്‌ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ പരാമര്‍ശത്തില്‍ താന്‍ മാപ്പുപറയില്ലെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു.’ഇത് ജനാധിപത്യരാജ്യമാണ്. ഞാന്‍ നിയമത്തിലും നീതിയിലും വിശ്വസിക്കുന്നു.സ്‌നേഹം എപ്പോഴും വിജയിക്കും എന്ന് ഞാന്‍ കരുതുന്നു. കര്‍ണാടകയോടും ആന്ധ്രാപ്രദേശിനോടും കേരളത്തോടുമുള്ള എന്റെ സ്‌നേഹം യഥാര്‍ഥമാണ്.എന്തെങ്കിലും അജന്‍ഡ ഉള്ളവരല്ലാതെ ആരെങ്കിലും അതിനെ സംശയിക്കില്ല. നേരത്തേയും എനിക്കെതിരെ ഭീഷണികള്‍ ഉണ്ടായിട്ടുണ്ട്. തെറ്റുപറ്റിയെങ്കില്‍ ഞാന്‍ മാപ്പുപറയും, ഇല്ലെങ്കില്‍ പറയില്ല’, എന്നായിരുന്നു കമല്‍ ഹാസന്റെ വാക്കുകള്‍.

ചെന്നൈയില്‍ ‘തഗ് ലൈഫ്’ ചിത്രവുമായി ബന്ധപ്പെട്ട പരിപാടിയില്‍ കമല്‍ഹാസന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.കന്നഡ തമിഴില്‍നിന്ന് ഉത്ഭവിച്ചതാണ് എന്നായിരുന്നു വിവാദപരാമര്‍ശം.മാപ്പുപറയാന്‍ കമലിന് ഫിലിം ചേംബര്‍ 24 മണിക്കൂര്‍ സമയം അനുവദിച്ചിരുന്നു.കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം കമലിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു.കന്നഡ അനുകൂലസംഘടനകളും കമലിനെതിരേ പ്രതിഷേധിച്ചിരുന്നു. കമല്‍ മാപ്പുപറഞ്ഞില്ലെങ്കില്‍ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സംസ്കാരിക വകുപ്പ് ന്ത്രി ശിവരാജ് തങ്കടഗി ഫിലിം ചേംബറിന് കത്ത് നല്‍കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments