പുതുക്കാട്:കണ്ണമ്പത്തൂരിൽ വീട്ടിൽ ഗ്യാസ് സിലിണ്ടർ സർവീസ് ചെയ്യുന്നതിനിടെ ഗ്യാസ് ചോർന്ന് രണ്ട് പേർക്ക് പൊള്ളലേറ്റു. കണ്ണമ്പത്തൂർ പൊന്നാമ്പിടി വീട്ടിൽ ബിന്ദു, സിലിണ്ടർ സർവീസ് ചെയ്യാനെത്തിയ വട്ടണാത്ര സ്വദേശി കൈനാത്തുടൻ വീട്ടിൽ അശോകൻ എന്നിവർക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെയും തൃശുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വെള്ളി പകൽ രണ്ടോടെയാണ് സംഭവം. വീടിൻ്റെ ജനൽച്ചില്ലുകൾ പൊട്ടുകയും കർട്ടണുകൾ കത്തിയ നിലയിലുമാണ്. അടുക്കളയുടെ സ്ലാബിൽ വച്ചിരുന്ന മൊബൈൽ ഫോൺ കത്തിനശിച്ചു. ശുചിമുറിയുടെ വാതിലും ഫാനും തകർന്നു. പൊള്ളലേറ്റ ഇരുവരും പുറത്തേക്കിറങ്ങി നിലവിളിച്ചപ്പോഴാണ് സമീപവാസികൾ അറിയുന്നത്. ഉടൻ നാട്ടുകാർ ചേർന്ന് ഇരുവരെയും പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പുതുക്കാട് പൊലീസും അഗ്‌നി രക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. സിലിണ്ടർ ചോരാനിടയായ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു


