കൊടകര:വർക്ക് ഷോപ്പിൽനിന്നും മോട്ടോർ സൈക്കിളുകൾ മോഷ്ടിച്ച മൂന്ന് പേരെ കൊടകര പൊലീസ് പിടികൂടി. മോട്ടോർ സൈക്കിളുകൾ കടത്താനുപയോഗിച്ച പിക്കപ്പ് വാനും കസ്റ്റഡിയിലെടുത്തു. നന്തിക്കര പൂത്താടൻ വീട്ടിൽ വിനീഷി (38) ൻ്റെ ഉടമസ്ഥതയിലുള്ള നെല്ലായിയിലെ വർക്ക് ഷോപ്പിന് മുൻവശത്ത് പണിയാൻ വച്ചിരുന്ന രണ്ട് മോട്ടോർ സെക്കിളുകളാണ് മെയ് 12 ന് രാത്രി പ്രതികൾ പിക്കപ്പ് വാനിൽ കയറ്റിക്കൊണ്ടു പോയത്. സംഭവത്തിൽ പട്ടാമ്പി രായമംഗലം പള്ളത്ത് കിഴക്കേതിൽ വീട്ടിൽ മുഹമ്മദ് റാഷിദ് (25), വേങ്ങപറമ്പിൽ വീട്ടിൽ ശ്രീജിത്ത് (22), എറണാകുളം പറവൂർ പുത്തൻ കടപ്പുറം നിവാസ് വീട്ടിൽ വിപിൻദാസ് (36) എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ വിനീഷിൻ്റെ പരാതിയിൽ മെയ് 14 ന് കൊടകര പൊലീസ് കേസെടുത്തിരുന്നു. സിസിടിവി കാമറകളിൽ നിന്നും മറ്റും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. വിപിന് വിവിധ ജില്ലകളിലായി 25 ഓളം മോഷണ ക്കേസുകളുണ്ട്. വിപിനും റാഷിദും ചേർന്നെടുക്കുന്ന വാഹനങ്ങൾ ശ്രീജിത്ത് പാർട്‌സ് ആക്കി പട്ടാമ്പിയിലെ പൊളി മാർക്കറ്റിൽ വിൽക്കുകയാണ് പതിവ്. ഇവർ പിടിയിലായതോടെ പല ജില്ലകളിൽ മോട്ടോർ സൈക്കിളുകൾ മോഷണം പോയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. കൊടകര സ്റ്റേഷൻ ഇൻസ്പെക്ടർ പി കെ ദാസ്, സബ് ഇൻസ്പെക്ടർ ബിനോയ് മാത്യു, എ എസ് ഐ ആഷ്ലിൻ ജോൺ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിനു വർഗീസ്, കെ എസ് ഡെനിൻ, കെ ദിലീപ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ഇ എ ശ്രീജിത്ത്, എം ആഷിഖ് എന്നിവരാണ് അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നത്.


