കടപ്പുറം പഞ്ചായത്തിൽ കടലേറ്റത്തിൽ തിര വീടുകളിലേക്ക് അടിച്ചുകയറി. കടപ്പുറം മാളൂട്ടി വളവ്, മൂസ റോഡ് എന്നിവിടങ്ങളിലാണ് കടലേറ്റം ശക്തമായത്. മാളൂട്ടി വളവിൽ കുറുപ്പത്ത് ബദറു, മൂസാ റോഡിൽ പുതുവീട്ടിൽ ബീരുമോൻ എന്നിവരുടെ വീടുകളിലേക്കാണ് തിരയടിച്ചുകയറിയത്. തീരദേശ റോഡായ അഹമ്മദ് കുരിക്കൾ റോഡ് കവിഞ്ഞ് കടൽവെള്ളം കിഴക്കോട്ടൊഴുകിയെങ്കിലും അധികനേരം നീണ്ടുനിൽക്കാതിരുന്നത് ആശ്വാസമായി. ബ്ലാങ്ങാട് ബീച്ചിലെ പാർക്കും ബീച്ചിലെ കാർണിവൽ നടക്കുന്ന ഭാഗവും വെള്ളക്കെട്ടിലായി. മഴവെളളവും കടലിൽനിന്നു തിരയടിച്ചുകയറിയ വെള്ളവും ചേർന്നാണ് ഇവിടെ വെള്ളക്കെട്ടുണ്ടായത്. ബീച്ചിലെ താൽക്കാലികമായി പ്രവർത്തിക്കുന്ന കടകളിലും വെള്ളം കയറി.


