കാലവർഷം എത്തിയതോടെ ജില്ലയിൽ ശക്തമായ കാറ്റും മഴയും. പലയിടങ്ങളിലും മിന്നൽച്ചുഴലി വീശി. അതിതീവ്ര മഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് തിങ്കളാഴ്‌ച ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെറുതുരത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണു. ഒന്നരമണിക്കൂറോളം റെയിൽ ഗതാഗതം തടസ്സപ്പെട്ടു. ജാം നഗറിൽ നിന്ന് തിരുനെൽവേലിയിലേക്ക് പോകുകയായിരുന്ന ജാം ടെൻ എക്സ്‌സ്പ്രസിന് മുകളിലേക്കാണ് മരച്ചില്ല പൊട്ടിവീണത്. ഞായർ രാവിലെ പത്തരയാടെയാണ് സംഭവം. ഞായർ പുലർച്ചയുണ്ടായ മിന്നൽച്ചുഴലിയിൽ അഴിക്കോട് മുനയ്ക്കൽ ബീച്ചിൽ 10 കടകളും ചീനവലയും തകർന്നു. അരിമ്പൂരിൽ മിന്നൽച്ചുഴലിയിൽ തോട്ടുപുര പമ്പ് ഹൗസ് തകർന്നു. ചെന്ത്രാപ്പിന്നി പപ്പടം നഗറിൽ മുപ്പതോളം വീടുകളിൽ വെള്ളം കയറി. തൃശൂർ താലൂക്കിൽ മനക്കൊടി, അരണാട്ടുകര എന്നിവിടങ്ങളിൽ രണ്ട് വീടിനു മുകളിൽ മരം വീണു. വല്ലച്ചിറയിൽ കാറ്റിൽ മരങ്ങൾ വീണ് നാശം സംഭവിച്ചു. മുകുന്ദപുരം താലൂക്കിൽ മാടായിക്കോണത്ത് മരം വീണ് പള്ളിപ്പുറത്ത് കുമാരൻ്റെ വീട് പൂർണമായും തകർന്നു. ചാലക്കുടി താലൂക്കിൽ കാക്കുലുശേരി ഐരാണികുളം കൊടിയൻ വീട്ടിൽ ബൈജുവിന്റെ വീടിൻ്റെ മുകളിൽ തെങ്ങ് വീണു. ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ മാളൂട്ടി വളവ്, മൂസറോഡ്, മുനക്കടവ്, വെളിച്ചെണ്ണപ്പടി
എന്നിവിടങ്ങളിൽ ശക്തമായ കടൽക്ഷോഭമുണ്ടായി. കുന്നംകുളം വില്ലേജിൽ ജവഹർ തിയറ്ററിന് സമീപം വീടിന് മുകളിൽ തെങ്ങ് വീണു. തലപ്പിള്ളി താലൂക്കിൽ വടക്കേത്തറ ബിന്ദുവിൻ്റെ വീട്ടിലെ കിണർ ഇടിഞ്ഞു. വെള്ളം ചുവപ്പുകലർന്ന മഞ്ഞനിറത്തിൽ കലങ്ങുകയും തിളയ്ക്കുന്നത് പോലെ പത വരികയും ചെയ്‌തു. വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി.


