പാലിയേക്കര:ദേശീയപാത പാലിയേക്കരയിൽ തൃശൂർ റൂറൽ പൊലീസിന്റെ വൻ കഞ്ചാവ് വേട്ട, ലോറിയിൽ കടത്തിയ 125 കിലോ കഞ്ചാവുമായി കൊലപാതകക്കേസിലെ പ്രതിയുൾപ്പെടെ നാലുപേർ പിടിയിൽ. ലോറി കസ്റ്റഡിയിലെടുത്തു. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ദേശീയപാതയിൽ ചാലക്കുടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും പുതുക്കാട് പൊലീസും സംയുക്തമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് സംഘം പിടിയിലായത്. ആലുവ കരിമാലൂർ ആലങ്ങാട് സ്വദേശികളായ ചീനിവിള വീട്ടിൽ ആഷ്‌ലിൻ (25), പള്ളത്ത് വീട്ടിൽ താരിസ് (36), പീച്ചി ചേരുംകുഴി സ്വദേശി തെക്കയിൽ വീട്ടിൽ ഷിജോ (കിങ്ങിണി, 31), പാലക്കാട് ചെർപ്പുളശ്ശേരി തൃക്കടീരി സ്വദേശി പാലാട്ടുപറമ്പിൽ വീട്ടിൽ ജാബിർ (30) എന്നിവരാണ് അറസ്റ്റിലായത്. വെള്ളി പുലർച്ചെ 4.30 ഓടെയാണ് സംഭവം. ഒഡീഷയിൽനിന്നും മധ്യ കേരളത്തിൽ വിൽപ്പനക്കായാണ് കഞ്ചാവ് എത്തിച്ചത്. കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവർ. ലോറിയിൽ ചാക്കുകളിൽ നിറച്ച് ടാർപോളിൻ കൊണ്ട് മൂടിയ നിലയിലായിരുന്നു. എവിടെയെല്ലാം കഞ്ചാവ് വിതരണം ചെയ്‌തു, ബാക്കിയുണ്ടായിരുന്ന കഞ്ചാവ് എവിടേക്കാണ് കൊണ്ടുപോയത് എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം ആരംഭിച്ചു. പ്രതികളെ ചോദ്യംചെയ്തു വരികയാണ്. പ്രതികളുടെ
മൊബൈൽ ഫോൺ രേഖകൾ ഉൾപ്പെടെ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.


