
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാൻ നാളെ കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിച്ചു. പാർലമെൻ്റില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം നടക്കുമെന്നാണ് കരുതുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തില്‍ പ്രതിരോധ സേനകളെ അഭിനന്ദിച്ച പ്രധാനമന്ത്രി ഇത് അഭിമാന നിമിഷമെന്ന് പ്രസ്താവിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തെ യോഗത്തില്‍ മന്ത്രിമാർ അഭിനന്ദിച്ചു.
അതിനിടെ കശ്മീർ അതിർത്തിയില്‍ ഇന്ത്യാ-പാക് സേനകള്‍ തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. ഒരു സ്ത്രീയും കുട്ടിയുമടക്കം പൂഞ്ചില്‍ 10 പേർ കൊല്ലപ്പെട്ടു. ഉറിയില്‍ രണ്ട് വീടുകള്‍ക്ക് തീപിടിച്ചു. പാകിസ്ഥാൻ്റെ ഷെല്ലാക്രമണത്തില്‍ 44 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ മൂന്ന് പാകിസ്ഥാൻ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.