തിരുവനന്തപുരം:വർക്കലയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ഇലകമൺ വിളപ്പുറം ചാരുംകുഴി ലക്ഷംവീട് കുന്നുംപുറം കോളനിയിൽ രാജമണി, ദീപ ദമ്പതികളുടെ മകൻ രാജേഷ് (19) ആണ് മരിച്ചത്. രാത്രി 8 മണിയോടെ ഉണ്ടായ മിന്നലിലാണ് അപകടം ഉണ്ടായത്. ജോലി കഴിഞ്ഞെത്തിയ രാജേഷ് വീടിന് മുന്നിൽ ഇരിക്കവേയാണ് മിന്നലേറ്റത്.
പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ യുവാവിന്റെ മാതാപിതാക്കളും സഹോദരനും വീട്ടിൽ ഉണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു. അതേസമയം, മഴയോടൊപ്പം ഉണ്ടായ ശക്തമായ മിന്നലിൽ സമീപത്തെ മറ്റൊരു വീട്ടിലെ വയറിങ് മുഴുവനായി കത്തി നശിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം തിരുവനന്തപുരം ജില്ലയിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴ ലഭിച്ചിരുന്നു. മഴയിൽ തലസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.