Tuesday, June 17, 2025
HomeSPORTSഇന്ത്യൻ ഫുട്ബോളിന്റെപെലെ ഐ എം വിജയന് ഇന്ന് 56-ാം പിറന്നാൾ
spot_img

ഇന്ത്യൻ ഫുട്ബോളിന്റെപെലെ ഐ എം വിജയന് ഇന്ന് 56-ാം പിറന്നാൾ

ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം കണ്ട എക്കാലത്തെയും മികച്ച താരമായ ഐ. എം. വിജയന് ഇന്ന് 56-ാം ജന്മദിനം. തൃശൂര്‍ സ്വദേശിയായ ഐ. എം. വിജയന്‍ 1969 ഏപ്രില്‍ 25 നാണ് ജനിച്ചത്. ഇന്ത്യയില്‍ ഒരു കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റിയിരുന്ന ഫുട്‌ബോളറായിരുന്നു ഐ. എം. വിജയന്‍.

മൂന്ന് തവണ ഇന്ത്യന്‍ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട് ഐ എം വിജയൻ. 1993, 1997, 1999 വര്‍ഷങ്ങളില്‍ ആയിരുന്നു ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്‌ബോളറായി ഐ. എം. വിജയന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഈ പുരസ്‌കാരം ഒന്നില്‍ അധികം തവണ സ്വന്തമാക്കുന്ന ആദ്യ കളിക്കാരനാണ് ഐ. എം. വിജയന്‍. കേരള പോലീസ് ഫുട്‌ബോള്‍ ക്ലബ്ബിലൂടെ ആണ് ഐ. എം. വിജയന്റെ വളര്‍ച്ച. മികച്ച പ്രകടനം കാഴ്ച വെച്ച ഐ. എം. വിജയന്‍ പിന്നീട് ഇന്ത്യന്‍ ഫുട്‌ബോള്‍ ദേശീയ ടീമിന്റെ സ്ഥിരം സാന്നിധ്യമായി. 1990 കളിലും 2000 ന്റെ തുടക്കത്തിലും ഐ. എം. വിജയന്‍ – ബൈചുംങ് ബൂട്ടിയ മുന്നേറ്റ നിര സഖ്യം ആയിരുന്നു ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുഖം.

1999 സാഫ് ഗെയിംസില്‍ ഭൂട്ടാന്‍ ദേശീയ ടീമിന് എതിരേ കിക്കോഫിന്റെ 12 -ാം സെക്കന്‍ഡില്‍ ഗോള്‍ നേടി. രാജ്യാന്തര ഫുട്‌ബോളിലെ അതിവേഗ ഗോളുകളുടെ ഗണത്തില്‍ ഇന്നും ആ ഗോള്‍ ഉണ്ട്. 2000 – 2003 കാലഘട്ടത്തില്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ ക്യാപ്റ്റനും ആയിരുന്നു. രാജ്യാന്തര ഫുട്‌ബോള്‍ കരിയറില്‍ ഇന്ത്യക്കായി 71 മത്സരങ്ങള്‍ കളിച്ചു. 34 ഗോള്‍ സ്വന്തമാക്കി.

പാവപ്പെട്ട കുടുംബ പശ്ചാത്തലത്തില്‍ ജനിച്ച ഐ. എം. വിജയന് തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ സോഡ വിറ്റു നടന്ന ചരിത്രവും ഉണ്ട്. കേരള ഡി. ജി. പി. ആയിരുന്ന എം. കെ. ജോസഫിന്റെ കണ്ണില്‍ ഐ. എം. വിജയന്‍ എന്ന കുട്ടിയുടെ ഫുട്‌ബോള്‍ കഴിവ് കണ്ടതാണ് തലവര മാറാന്‍ കാരണം. അങ്ങനെ 17 -ാം വയസില്‍ കേരള പോലീസ് ക്ലബ് ഫുട്‌ബോള്‍ ടീമില്‍ ഇടം ലഭിച്ചു. 1991 വരെ കേരള പോലീസ് ക്ലബ്ബിനു വേണ്ടി കളിച്ച ഐ. എം. വിജയന്‍ 1992 ല്‍ കോല്‍ക്കത്തന്‍ വമ്പന്മാരായ മോഹന്‍ ബഗാനിലേക്ക് ചേക്കേറി.

2003 ല്‍ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചു. 2020 ല്‍ പദ്മശ്രീയും ലഭിച്ചു. നിലവില്‍ സ്വന്തമായി ഫുട്‌ബോള്‍ അക്കാദമിയിലൂടെ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു. ഇതിനിടെ സിനിമയിലും അഭിനയിച്ചു. 2021 ല്‍ ഐ. എം. വിജയന്‍ അഭിനയിച്ച Mmmm ( Sound of pain ) എന്ന ചിത്രം ഓസ്‌കര്‍ പരിഗണനയില്‍ വരെ എത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments