Thursday, April 17, 2025
HomeSPORTSമെസിയില്ലാത്ത അര്‍ജന്റീന, നെയ്മറില്ലാത്ത ബ്രസീല്‍! ഇരുവരും നാളെ നേര്‍ക്കുനേര്‍
spot_img

മെസിയില്ലാത്ത അര്‍ജന്റീന, നെയ്മറില്ലാത്ത ബ്രസീല്‍! ഇരുവരും നാളെ നേര്‍ക്കുനേര്‍

ബ്യൂണസ് ഐറിസ്: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ നാളെ വമ്പന്‍ പോരാട്ടം. അര്‍ജന്റീന പുലര്‍ച്ചെ അഞ്ചരയ്ക്ക് ബ്രസീലിനെ നേരിടും. മെസിയും നെയ്മറും ഇല്ലാതെയാണ് ലാറ്റിനമേരിക്കന്‍ കരുത്തര്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിന് ഇറങ്ങുന്നത്. ലോകകപ്പ് യോഗ്യതയ്ക്ക് ഒറ്റ പോയിന്റ് അകലെയാണ് നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീന. എല്ലാ ലോകകപ്പിലും കളിച്ച ഏക ടീമെന്ന റെക്കോര്‍ഡിലേക്ക് അടുക്കാന്‍ ബ്രസീല്‍. പരിക്കേറ്റ് പുറത്തായ ലിയോണല്‍ മെസിയും നെയ്മറും ഇല്ലെങ്കിലും ആരാധകരെ കാത്തിരിക്കുന്നത് വമ്പന്‍ പോരാട്ടം. 

13 കളിയില്‍ ഒന്‍പത് ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമടക്കം 28 പോയിന്റുമായാണ് അര്‍ജന്റീന ഒന്നാംസ്ഥാനത്ത് തുടരുന്നത്. 22 ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് ഏഴുഗോള്‍ മാത്രം. ആറ് ജയവും മൂന്ന് സമിലയും നാല് തോല്‍വിയുമുള്ള ബ്രസീല്‍ 21 പോയിന്റുമായി മൂന്നാംസ്ഥാനത്ത്. 19 ഗോള്‍ നേടിയപ്പോള്‍ 12 ഗോള്‍ തിരിച്ചു വാങ്ങി. അവസാന അഞ്ച് മത്സരത്തില്‍ തോല്‍വി അറിയാതെ മുന്നേറുന്ന ബ്രസീല്‍, മാരക്കാനയില്‍ അര്‍ജന്റീനയോടേറ്റ ഒറ്റഗോള്‍ തോല്‍വിക്ക് പകരംവീട്ടാനാണ് ഇറങ്ങുന്നത്.

പക്ഷേ, ഇതത്ര എളുപ്പമായിരിക്കില്ല. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ എട്ട് ഹോംമത്സരങ്ങളില്‍ ഏഴിലും ജയിച്ച അര്‍ജന്റീനയ്‌ക്കെതിരെ അവസാന നാല് കളിയില്‍ ബ്രസീലിന് ജയിക്കാനായിട്ടില്ല. അര്‍ജന്റിന മൂന്ന് കളിയില്‍ ജയിച്ചപ്പോള്‍ ആശ്വസിക്കാനുള്ളത് ഒറ്റസമനില. സ്വന്തം കാണികള്‍ക്ക് മുന്നില്‍ അവസാന പന്ത്രണ്ട് കളിയില്‍ പതിനൊന്നിലും ക്ലീന്‍ ഷീറ്റുള്ള എമിലിയാനോ മാര്‍ട്ടിനെസിനെ മറികടക്കുകയാവും ബ്രസീലിന്റെ ഏറ്റവും വലിയ വെല്ലുവിളി. കൊളംബിയയെ തോല്‍പിച്ച ടീമില്‍ ബ്രസീല്‍ ആറുമാറ്റം വരുത്തിക്കഴിഞ്ഞു.

പരിക്കേറ്റ അലിസണ്‍, ഗെര്‍സണ്‍ സസ്‌പെന്‍ഷനിലായ ഗബ്രിയേല്‍ മഗാലെസ്, ബ്രൂണോ ഗ്വിമയ്‌സ് എന്നിവര്‍ക്ക് പകരം ബെന്റോ, മുറിലോ, ആന്ദ്രേ, ജോയലിന്റണ്‍ എന്നിവര്‍ക്കൊപ്പം വെസ്ലിയും മത്തേയൂസ് കൂഞ്ഞയും ടീമിലെത്തും. റഫീഞ്ഞ, വിനിഷ്യസ്, റോഡ്രിഗോ എന്നിവരിലാണ് ഗോള്‍പ്രതീക്ഷ. അര്‍ജന്റൈന്‍ ടീമിലും മാറ്റം പ്രതീക്ഷിക്കാം. പരിക്കില്‍നിന്ന് മുക്തരാവുന്ന റോഡ്രിഗോ ഡി പോളും ലിയാന്‍ഡ്രോ പരേഡസും ടീമിലേക്ക് തിരിച്ചെത്തിയേക്കും.

ലൗതാറോ മാര്‍ട്ടിനസും പൗളോ ഡിബാലയും പരിക്കേറ്റ് പുറത്തായതിനാല്‍ ജൂലിയന്‍ അല്‍വാസിനൊപ്പം ഉറുഗ്വേയ്‌ക്കെതിരെ മിന്നുംഗോള്‍ നേടിയ തിയാഗോ അല്‍മാഡ മുന്നേറ്റത്തില്‍ തുടരും. മധ്യനിരയില്‍ എന്‍സോ ഫെര്‍ണാണ്ടസ്, അലക്‌സിസ് മക് അലിസ്റ്റര്‍ പ്രതിരോധത്തില്‍ മൊളിന, റമേറോ, ഓട്ടമെന്‍ഡി, ടാഗ്ലിയാഫിക്കോ എന്നിവരുടെ സ്ഥാനം ഉറപ്പാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments