കൊച്ചി എറണാകുളം എആർ ക്യാമ്പിൽ ചട്ടിയിലിട്ട് വെടിയുണ്ട ചൂടാക്കിയ കേസിൽ റിപ്പോർട്ട് കൈമാറി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യയ്ക്ക് റിപ്പോർട്ട് കൈമാറിയതായി എആർ ക്യാമ്പ് കമാൻ്റെൻ്ററെ അറിയിച്ചു. വെടിയുണ്ടകൾ സൂക്ഷിക്കേണ്ട ഉദ്യോഗസ്ഥനു വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർ നടപടിയുണ്ടാകുമെന്ന് കമ്മീഷണർ ഇന്നലെ പറഞ്ഞിരുന്നു.
എറണാകുളം എ ആർ ക്യാമ്പിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസർവ് സബ് ഇൻസ്പെക്ടർ സി വി സജീവിനെതിരെയാണ് അന്വേഷണം. ഔദ്യോഗിക ബഹുമതി ചടങ്ങുകൾക്ക് ആകാശത്തേക്ക് വെടിവെക്കാൻ ഉപയോഗിക്കുന്ന ബ്ലാങ്ക് അമ്യൂണിഷൻ എന്ന വെടിയുണ്ടയാണ് ചൂടാക്കുന്നതിനിടെ പൊട്ടിത്തെറിച്ചത്. ക്ലാവ് പിടിച്ച വെടുയുണ്ടകളാണ് ചട്ടിയിലിട്ട് ചൂടാക്കിയത്. സാധാരണ ഇത്തരം സമയങ്ങളിൽ വെടിയുണ്ട വെയിലത്ത് വെച്ച് ചൂടാക്കുകയാണ് പതിവ്.
മാർച്ച് 10നാണ് സംഭവം. ഇടപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ്റെ സംസ്‌കാര ചടങ്ങുകൾക്കായി വെടിയുണ്ടകൾ എടുത്തപ്പോഴാണ് ക്ലാവ് പിടിച്ചതായി കണ്ടെത്തിയത്. എന്നാൽ സമയം ഇല്ലാത്തതിനാൽ അടുക്കളയിലെ ചട്ടിയിലിട്ട് ചൂടാക്കുകയായിരുന്നു. ഇതിനിടെയാണ് വെടിയുണ്ടകൾ പൊട്ടിത്തെറിച്ചത്. ആർക്കും പരുക്ക് പറ്റിയില്ലെങ്കിലും പോലീസ് ഡിപാർട്മെന്റിന് സംഭവം നാണക്കേടായി.


