കണ്ണൂർ: കൈതപ്രത്ത് 49 കാരനായ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ പെരുമ്പടവ് സ്വദേശി സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി ഫെയ്‌സ്ബുക്കില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തു.
വൈകിട്ട് 4.23ന് സന്തോഷ് തോക്കേന്തി നില്‍ക്കുന്ന ഒരു ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘കൊള്ളിക്കുക എന്നത് ആണ് ടാസ്‌ക്. കൊള്ളിക്കും എന്നത് ഉറപ്പ്’ എന്ന അടിക്കുറിപ്പോടെ തോക്കേന്തി നില്‍ക്കുന്ന ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇയാള്‍ കൊല നടത്തിയത്.
രാത്രി 7:27ന് മറ്റൊരു പോസ്റ്റും കൂടി ഇയാള്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ‘നിന്നോട് ഞാന്‍ പറഞ്ഞത് അല്ലെടാ എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്…. എന്റെ ജീവന്‍ പോയാല്‍ ഞാന്‍ സഹിക്കും പക്ഷെ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല’ എന്നായിരുന്നു രണ്ടാമത്തെ പോസ്റ്റ്.
പ്രതി സന്തോഷിനെ ഇന്ന് വിശദമായി ചോദ്യംചെയ്യും. കൊലപാതക കാരണം വ്യക്തിവൈരാഗ്യമെന്ന് സൂചന. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്താനും ശ്രമം. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ പോസ്റ്റ്മോർട്ടം ഇന്ന് പരിയാരം ഗവ മെഡിക്കൽ കോളജിൽ നടക്കും.
വ്യക്തി വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സന്തോഷിന്റെ മൊഴി. ആക്രമിക്കണമെന്ന് ഉറപ്പിച്ചാണ് തോക്ക് കൈയിൽ കരുതിയെന്നും സന്തോഷ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പോയിന്റ് ബ്ളാങ്കിൽ നിന്നാണ് രാധാകൃഷ്ണന് നേരെ പ്രതി സന്തോഷ് വെടിയുതിർത്തത്. നെഞ്ചിലേറ്റ ഒരൊറ്റ വെടിയാണ് രാധാകൃഷ്ണന്റെ മരണ കാരണം. രാധാകൃഷ്ണന്റെ ഭാര്യമതാവിനായി നിർമിക്കുന്ന വീട്ടിലാണ് കൊലപാതകം നടന്നത്. വീട് നിർമാണവുമായി ബന്ധപ്പെട്ട് നേരത്തെ തർക്കമുണ്ടായിരുന്നു. കൂടാതെ ഫോണിൽ ഭീഷണി മുഴക്കുന്നത് പതിവായിരുന്നെന്ന് പോലീസ് പറയുന്നു.