കണ്ണൂർ: കൈതപ്രത്ത് മധ്യവയസ്കനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ എഫ്ഐആർ പുറത്ത്. കൊലക്ക് കാരണം രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സൗഹൃദം തുടരാൻ സാധിക്കാത്ത വിരോധത്തിലെന്ന് എഫ്ഐആർ. പ്രതി സന്തോഷിന്‍റെയും കൊല്ലപ്പെട്ട രാധാകൃഷ്ണന്‍റെയും കുടുംബവും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു. സന്തോഷും രാധാകൃഷ്ണന്‍റെ ഭാര്യയും സഹപാഠികളായിരുന്നു. ഈ സൗഹൃദത്തെ ചൊല്ലി രാധാകൃഷ്ണന്‍ ഭാര്യയെ കഴിഞ്ഞ ദിവസം മര്‍ദിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നും സന്തോഷ് പൊലീസിന് മൊഴി നല്‍കിയിരുന്നു.
ഇന്നലെ വൈകീട്ട് 7.30 ന് രാധാകൃഷ്ണന്‍റെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലായിരുന്നു കൊലപാതകം. പ്രതി പെരുമ്പടവ് സ്വദേശി സന്തോഷിനെ പൊലീസ് വ്യാഴാഴ്ച തന്നെ കസ്റ്റഡിയിലെടുത്തു. രാധാകൃഷ്ണന്‍റെ നെഞ്ചിലേറ്റ വെടിയാണ് മരണ കാരണം.
ഗുഡ്സ് ഓട്ടോ ഡ്രൈവറായിരുന്ന രാധാകൃഷ്ണനൻ്റെ വീട് നിർമാണത്തിന്റെ കരാറുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. പല തവണയായി ഫോണിലൂടെ ഭീഷണി മുഴക്കിയ സന്തോഷിനെതിരെ രാധാകൃഷ്ണൻ പോലീസിൽ പരാതിയും നൽകിയിരുന്നു.