
സ്ത്രീകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യ സംരക്ഷണത്തിന് പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഒരുക്കിയ വനിതാ ഫിറ്റ്നസ് സെൻ്റർ ഇന്ന് എഴുപതോളം വനിതകളുടെ ആശ്രയമാണ്. കഴിഞ്ഞ വർഷം ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളുടെയും ഗ്രാമപഞ്ചായത്തിന്‍റെയും ഫണ്ടുകൾ ഉള്‍പ്പെടെ 26 ലക്ഷം രൂപ വിനിയോഗിച്ച് ഗ്രാമപഞ്ചായത്തിന്‍റെ ഇ.കെ. നായനാര്‍ സ്മാരക മന്ദിരത്തിലാണ് വനിതാ ഫിറ്റ്‌നസ് സെന്‍റര്‍ ഒരുക്കിയത്.
പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മാനസിക സമ്മര്‍ദ്ദം, തുടങ്ങി ജീവിതശൈലീ രോഗങ്ങള്‍ സ്ത്രീകളിൽ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഫിറ്റ്നസ് സെൻ്റർ ആരംഭിച്ചത്. രാവിലെ 5 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 7 വരെയുമാണ് ഫിറ്റ്നസ് സെന്‍ററിന്‍റെ പ്രവർത്തന സമയം. ആധുനിക സൗകര്യങ്ങളോടുകൂടിയ ഫിറ്റ്നസ് സെൻ്ററിൽ ട്രെയിനർ രാജി സുരേഷിൻ്റെ നേതൃത്വത്തിൽ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായി എല്ലാ സഹായവും നൽകി വരുന്നുണ്ട്. സേവനം ഉപയോഗിക്കുന്നതിന് ഏറ്റവും കുറഞ്ഞ നിരക്കിൽ നിശ്ചിത ഫീസ് ഈടാക്കും.
പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ വനിതാ ഫിറ്റ്നസ് സെന്‍ററിന്‍റെ ഒന്നാം വാർഷിക ആഘോഷവും നവീകരണോദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്‍റ് ഇ കെ അനൂപ് നിർവഹിച്ചു.
2024-25 പഞ്ചായത്ത് വികസന ഫണ്ട് ഒരു ലക്ഷം രൂപ ഉപയോഗിച്ചാണ് വനിതാ ഫിറ്റ്നസ് സെൻ്റർ നവീകരിച്ചത്. വാർഡ് മെമ്പർ രാധ വിശ്വഭരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം എ. രാജീവ്, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ സരിത തിലകൻ, വൈസ് ചെയർപേഴ്സൺ അമ്പിളി വേണു, പഞ്ചായത്ത് സെക്രട്ടറി ജി. സബിത, പ്രീത സജീവൻ എന്നിവർ സംസാരിച്ചു.


