പലർക്കും അറിയാമായിരിക്കും.
‘രേഖാചിത്ര’ത്തിൽ മനോജ് കെ ജയന്റെ വക്കച്ചൻ എന്ന കഥാപാത്രത്തിന്റ ഭാര്യയായി, ആലീസായി (പുഷ്പം) അഭിനയിച്ചിരിക്കുന്നത് പഴയ നടി സലീമയാണ്.
അതേ, ‘ആരണ്യക’ത്തിലെ അമ്മിണിയായി ‘ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്ന് ഒരുക്കി’വെച്ച, ‘വന്ദന’ത്തിലെ ‘മേഘങ്ങളെ പാടിയുറക്കാൻ മാറിൽ വാരിയെടുത്ത’ നഖക്ഷതങ്ങളിലെ ‘ആരെയും ഭാവഗായകനാക്കുന്ന’ ആ ആത്മ സൗന്ദര്യം തന്നെ!

80കളിൽ ഞാൻ പിറന്ന നാട്ടിൽ, നിറമുള്ള രാവുകൾ, കുറുക്കൻ രാജാവായി, മഹായാനം തുടങ്ങി ഒരുപിടി മലയാള സിനിമകളിലും ചില തമിഴ് തെലുഗു സിനിമകളിലും അഭിനയിച്ച ശേഷം 1991 കഴിഞ്ഞ് അഭിനയം നിർത്തി “എങ്ങോ പോയി മറഞ്ഞു”. പിന്നെ 2019ൽ മുന്തിരി മൊഞ്ചൻ എന്ന സിനിമയിലൂടെ തിരിച്ചുവന്നു. തമിഴിൽ ലിസ, ഡിഎൻഎ തുടങ്ങിയ സിനിമകളിലും അഭിനയിച്ച ശേഷം കഴിഞ്ഞവർഷം “ബ്ലഡി ബഗറി”ൽ മന്ദാകിനി എന്ന കിടിലൻ നെഗറ്റീവ് റോളിൽ വന്നു. ഇപ്പോൾ ദാ രേഖാചിത്രത്തിലെ പുഷ്പവും. പടത്തിൽ അല്പനേരമേ ഉള്ളുവെങ്കിലും സെറിൻ ഷിഹാബിന്റെ ആറ്റിറ്റ്യൂഡ് ‘പുഷ്പം’ പോലെ പിടിച്ച്, ആലീസിനെ സലീമയും ഗംഭീരമാക്കിയിട്ടുണ്ട്.
Back with a Bang!!
-ആശാലത