തൃശൂർ: കൊറിയർ വഴി കടത്താൻ ശ്രമിച്ച ലഹരി പിടികൂടി. 87 ഗ്രാം ചരസാണ് പിടികൂടിയത്. സംഭവത്തിൽ ചാവക്കാട് സ്വദേശി ഷറഫുദ്ദീനെ അറസ്റ്റ് ചെയ്തു. പഞ്ചാബിലെ മൊഹാലിയിൽ നിന്നാണ് കൊറിയർ വന്നത്. പോലീസും ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. സംസ്ഥാനത്ത് ലഹരി വിൽപ്പനയും ഉപയോഗവും വ്യാപകമായ സാഹചര്യത്തിൽ കർശന പരിശോധനയാണ് പോലീസും ലഹരി വിരുദ്ധ സ്ക്വാഡും നടത്തുന്നത്.
സംസ്ഥാനത്ത് കൊറിയർ വഴിയും ലഹരിയെത്തുന്നത് വർധിക്കുകയാണ്. കൊച്ചിയിൽ എംഡിഎംഎ പിടികൂടിയ സംഭവത്തിന്റെ തുടരന്വേഷണത്തിൽ പാഴ്സലിൽ കടത്തിയ 920 ഗ്രാം കഞ്ചാവ് കണ്ടെത്തി. കൊച്ചിയിൽ എംഡിഎംഎ പാഴ്സലിൽ എത്തിയ കേസിൽ അറസ്റ്റിലായ എൽഎൽബി വിദ്യാർഥി അതുൽ കൃഷ്ണയുടെ (23) പേരിലാണ് കഞ്ചാവ് പാഴ്സലും എത്തിയത്.
തിരുവനന്തപുരം വെമ്പായം സ്വദേശിയായ അതുൽ കൃഷ്ണ തിരുവനന്തപുരത്ത് എൽഎൽബി വിദ്യാർഥിയാണ്. ഫ്രാൻസിലെ വിലാസത്തിൽ നിന്നാണ് കൊച്ചിയിലെ ഫോറിൻ തപാൽ ഓഫീസിൽ കൊറിയർ എത്തിയത്. സംശയം തോന്നിയ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.
എറണാകുളത്തെ എക്സൈസ് സംഘം കൊറിയർ വന്ന വിലാസം പിന്തുടർന്ന് അതുലിന്റെ വെമ്പായം തേവലക്കാട് തടത്തരികത്തെ വീട്ടിലെത്തി ബാഗിൽ നിന്ന് കഞ്ചാവ് പിടികൂടി. ഇയാളെ അറസ്റ്റ് ചെയ്ത് കൊച്ചിയിൽ എത്തിച്ചു. ലാപ്ടോപ് പരിശോധിച്ചപ്പോഴാണ് മറ്റൊരു ലഹരി തപാൽ തിരുവനന്തപുരം കിഴക്കേകോട്ടയിലെ തപാൽ ഓഫീസിൽ എത്തിയതായി മനസ്സിലാക്കിയത്.
ഷില്ലോങ്ങിൽ നിന്ന് പേരൂർക്കടയിലെ വീടിന്റെ വിലാസത്തിൽ അയച്ച പാഴ്സലിലെ കഞ്ചാവ് എക്സൈസ് പിടികൂടി. ഡാർക്ക് വെബ് വഴിയാണ് കഞ്ചാവ് വാങ്ങിയതെന്നാണ് സംശയിക്കുന്നത്. ബിറ്റ്കോയിൻ വഴിയാണ് ഇതിന് പണം നൽകിയത്.