വരന്തരപ്പിള്ളി:യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുപ്ലിയം പാറക്കുളം തോട്ടത്തിൽ കിരൺ (32), കല്ലൂർ നെല്ലങ്കര സ്‌റ്റാലിൻ (27), നടത്തറ വെളുത്തേടത്ത് വിനോദ് (32), പൗണ്ട് മണക്കാടൻ സൂരജ് (35), വരന്തരപ്പിള്ളി കൂട്ടോലിപ്പാടം കാട്ടിപറമ്പൻ ക്രിസ്റ്റോ (24) എന്നിവരെ അറസ്‌റ്റ് ചെയ്തു. ബുധനാഴ്‌ച തൃശൂരിലെ സ്വകാര്യ ആശുപത്രിക്കു സമീപം പഴയന്നൂർ സ്വദേശി ജെനീഷിനെയാണ് പ്രതികൾ കാറിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ചത്.
പ്രതികളിലൊരാളായ കിരണിന്റെ ഭാര്യ ജെനീഷിൻ്റെ കൂടെ താമസമാക്കിയതിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. വരന്തരപ്പിള്ളി പയ്യാക്കരയിലുള്ള വീട്ടിൽ എത്തിച്ച ശേഷം ജെനീഷിനെ പ്രതികൾ ചേർന്ന് ഗുരുതരമായി പരുക്കേൽപ്പിക്കുകയായിരുന്നു.
പ്രതികളെ പയ്യാക്കരയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.പ്രതികൾ തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്എച്ച്ഒ കെ.എൻ.മനോജ്, എസ്‌ഐമാരായ ജയചന്ദ്രൻ, അശോക് കുമാർ, അലി, സിവിൽ പൊലീസ് ഓഫിസർമാരായ സജീവ്, സുജിത്ത്, ജോഫിൻ ജോണി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


