തൃശ്ശൂർ: പൂരത്തിലെ പങ്കാളികളായ പത്തുക്ഷേത്രങ്ങൾ അശോകേശ്വരം തേവരുടെ നെടുനായകത്വത്തിൽ വടക്കുന്നാഥക്ഷേത്രം മതിൽക്കകത്ത് അണിനിരക്കുമ്പോൾ ശിവരാത്രി പൂരമായി. ശിവരാത്രി ദിവസമായ ബുധനാഴ്ച രാത്രി ഒരുമണിക്കുശേഷമുള്ള ഈ അപൂർവ കൂട്ടിയെഴുന്നള്ളിപ്പിന്റെ ഒരുക്കത്തിലാണ് വടക്കുന്നാഥക്ഷേത്രം. അശോകേശ്വരം തേവർ, ചെമ്പുക്കാവ് ഭഗവതി, തിരുവമ്പാടി ഭഗവതി എന്നിവരുടെ എഴുന്നള്ളിപ്പുകൾ രാത്രി പത്തരയോടെ വടക്കുന്നാഥക്ഷേത്രത്തെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങും. തൃപ്രയാർ രമേശൻ മാരാർ നയിക്കുന്ന പഞ്ചവാദ്യവും തുടർന്ന് കിഴക്കൂട്ട് അനിയൻ മാരാർ നയിക്കുന്ന പാണ്ടിമേളവും അകമ്പടിയാകും. പാറമേക്കാവ് ഭഗവതി പാണ്ടിമേളത്തിന്റെ അകമ്പടിയോടെ വടക്കുന്നാഥ ക്ഷേത്രത്തിലെത്തും.
നെയ്തലക്കാവ്, അയ്യന്തോൾ, ലാലൂർ, കാരമുക്ക്, ചൂരക്കാട്ടുകര ഭഗവതിമാരുടെയും കണിമംഗലം, പനമുക്കുംപിള്ളി ശാസ്താക്കന്മാരുടെയും എഴുന്നള്ളിപ്പ് വടക്കുന്നാഥക്ഷേത്രത്തിൽ പ്രവേശിക്കും. 1.15-ന് നടക്കുന്ന തൃപ്പുകയ്ക്കുശേഷം പതിനൊന്ന് ദേവീദേവൻമാരുടെ കൂട്ടിയെഴുന്നള്ളിപ്പ് നടക്കും.
ശിവരാത്രി ദിവസം വടക്കുന്നാഥ ക്ഷേത്രത്തിൽ രാവിലെ മുതൽ പരിപാടികൾ ആരംഭിക്കും. എട്ടിന് പഞ്ചവാദ്യം. മൂന്നിന് അമ്മന്നൂർ കുട്ടൻചാക്യാരുടെ കൂത്ത് നടക്കും. വൈകീട്ട് ആറിന് ലക്ഷദീപം. രാത്രി ഏഴിന് ശിവരാത്രി ഒരിക്കൽ ഭക്ഷണവിതരണം ആരംഭിക്കും. ശിവരാത്രി മണ്ഡപത്തിൽ രാവിലെ ഏഴുമുതൽ രാത്രി 12.30 വരെ വിവിധ കലാപരിപാടികളുണ്ടാകും. ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായിനടന്ന ലക്ഷാർച്ചന ചൊവ്വാഴ്ച സമാപിച്ചു. ക്ഷേത്രംതന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽനടന്ന പ്രദക്ഷിണത്തിൽ നാഗസ്വരം, ഇടയ്ക്ക, ശംഖ്, നാമജപം എന്നിവ അകമ്പടിയായി.


