തൃശ്ശൂർ: അട്ടപ്പാടിയിൽനിന്ന് ഗുരുതര പരിക്കേറ്റ് പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിച്ച കരടി ചത്തു. തിങ്കളാഴ്ച പുലർച്ചെയാണ് ചത്തത്. ആനയുടെ ചവിട്ടേറ്റ് പിൻഭാഗം പൂർണമായി തളർന്നിരുന്നതായും നട്ടെല്ലിനും ഇടുപ്പെല്ലുകൾക്കും ക്ഷതം സംഭവിച്ചിരുന്നതായും പാർക്ക് ഡയറക്ടർ പറഞ്ഞു. പുത്തൂരിലെത്തിച്ച ശേഷം ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായിരുന്നെങ്കിലും എക്സ്റേ എടുത്ത് പരിശോധന നടത്താനുള്ള ആരോഗ്യസ്ഥിതി ഉണ്ടായിരുന്നില്ല.
കരടി മരുന്നുകളോട് ചെറിയ തോതിൽ പ്രതികരിച്ചിരുന്നു. ഭക്ഷണവും കഴിച്ചു തുടങ്ങിയിരുന്നു. ഞരമ്പുകൾക്ക് ചതവുണ്ടായിരുന്നു. പിൻകാലുകളിൽ രക്തയോട്ടം കുറവായിരുന്നു. ഞായറാഴ്ച രാത്രി കരടി സ്വന്തം കാലുകളിൽ മാരകമായി കടിച്ചു പരിക്കേൽപ്പിച്ച് മാംസം ഊർന്ന് എല്ലുകൾ പുറത്തേക്ക് വന്നിരുന്നു. ഇതോടെ കരടിയെ മയക്കി കിടത്തേണ്ടി വന്നതായി വനംവകുപ്പിലെ വെറ്ററിനറി ഡോക്ടർമാർ പറഞ്ഞു.
മണ്ണുത്തി വെറ്ററിനറി സർവകലാശാലയിലെ ആശുപത്രിയിലാണ് പോസ്റ്റ് മോർട്ടം നടത്തിയത്. മാരകമായ ക്ഷതവും ശരീരത്തിന് പുറത്തും ആന്തരികാവയവങ്ങൾക്കും സംഭവിച്ച ഗുരുതര പരിക്കുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ജഡം പുത്തൂരിലെ പാർക്കിൽത്തന്നെ സംസ്‌കരിച്ചു.
അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ കുളപ്പടിക ഉന്നതിക്ക് സമീപമാണ് കരടിയെ പരിക്കേറ്റ നിലയിൽ വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്. ശനിയാഴ്‌ച പുലർച്ചെയാണ് സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയത്.


