വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ സാമ്പത്തിക പ്രതിസന്ധിയാണ് പ്രതിയെ കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി ഈ കുറ്റകൃത്യങ്ങളെല്ലാം ചെയ്തിരിക്കുന്നത്. രാവിലെ 10 നും വൈകിട്ട് 6നും ഇടയ്ക്കാണ് അഞ്ചുപേരെയും അഫാൻ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.
പേരുമല, ചുള്ളാളം , പാങ്ങോട് എന്നീ മൂന്ന് സ്ഥലങ്ങളിലായാണ് കൊലപാതകം നടന്നത്. കൂട്ടക്കൊലപാതകം നടത്തുന്നതിനായി ഏതാണ്ട് മുപ്പത് കിലോമീറ്ററിലേറെ പ്രതി സഞ്ചരിച്ചിട്ടുണ്ട്. അഫാൻ്റെ പിതാവിന്‍റെ മാതാവ് സൽമാ ബീവി, പ്രതിയുടെ അനുജൻ അഹ്സാൻ, പെൺസുഹൃത്ത് ഫര്‍സാന, പിതാവിന്‍റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്‍റെ ഭാര്യ ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയുടെ ഉമ്മ ഷെമി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അഫാൻ ലഹരി ഉപയോഗിച്ചിരുന്നതായും പോലീസിന് സംശയമുണ്ട്.
പ്രവാസിയായ അഫാൻ്റെ ബാപ്പ റഹീമിന് കൊറോണയ്ക്കു ശേഷം സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. നിലവിൽ നാട്ടിലേക്ക് മടങ്ങി വരാൻ കഴിയാതെ സൗദിയിൽ കുടുങ്ങികിടക്കുകയാണ് റഹീം.