താന്ന്യം ഗ്രാമ പഞ്ചായത്ത് 9-ാം വാർഡിലെ കിഴുപ്പിള്ളിക്കര കല്ലങ്കരമാട് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം സി സി മുകുന്ദൻ എംഎൽഎ നിർവഹിച്ചു. 30 കുടുംബങ്ങൾ അനുഭവിച്ചുവന്ന കുടിവെള്ളക്ഷാമത്തിനാണ് ഇതിലൂടെ ശാശ്വത പരിഹാരമായത്.
മണ്ഡലത്തിലെ വിവിധ പട്ടികജാതി സങ്കേതങ്ങളിലും , സർക്കാർ സ്ഥാപനങ്ങളിലും ശുദ്ധജല കുടിവെള്ള പദ്ധതികൾ വ്യാപിപ്പിക്കാനായി എംഎൽഎ ഫണ്ടുകൾ, ബഡ്ജറ്റ് ഫണ്ടുകൾ ഉപയോഗിക്കുമെന്ന് സി സി മുകുന്ദൻ എംഎൽഎ പറഞ്ഞു. ജില്ലാ പഞ്ചായത്ത് 15 ലക്ഷവും ഗ്രാമപഞ്ചായത്ത് 12,54,100 രൂപയും ചെലവഴിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി എൻ സുർജിത്ത്, വിജി വനജകുമാരി എന്നിവർ മുഖ്യാതിഥികളായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ എസ് അഷ്റഫ്, അംഗങ്ങളായ സി എൽ ജോയ്, സിജോ പുലിക്കോട്ടിൽ , രതി അനിൽകുമാർ, മീന സുനിൽ, ഷീജ സദാനന്ദൻ , സനിത സജൻ തുടങ്ങിയവർ സംസാരിച്ചു.


