പീച്ചി ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രഭാകരന്റെ വസതിയിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു. മരിച്ച ആളുടെ കുടുംബത്തിന് നഷ്ട പരിഹാരമായി 10 ലക്ഷം രൂപയും ഇൻഷുറൻസ് തുകയായി ഒരു ലക്ഷം രൂപയും നൽകുമെന്ന് കളക്ടർ അറിയിച്ചു. ഇതിൽ അഞ്ച് ലക്ഷം രൂപ നാളെ കുടുംബത്തിന് കൈമാറും. പ്രഭാകരന്റ ആശ്രിതരിൽ ഒരാൾക്ക് വനം വകുപ്പിൽ താൽകാലിക ജോലി നകാൻ വനം വകുപ്പിനോട് ശുപാർശ ചെയ്തു. ഈ ജോലി സ്ഥിരപ്പെടുത്തണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും കളക്ടർ അറിയിച്ചു.
57 വയസുള്ള പ്രഭാകരൻ വനവിഭവങ്ങൾ ശേഖരിക്കാൻ മകനും മരുമകനും ഒപ്പം പോയപ്പോഴാണ് ആനയുടെ മുൻപിൽ പെട്ടത്. ഇന്നലെ രാവിലെ 8.30നാണ് സംഭവം നടന്നത്. പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് വൈകുന്നേരത്തോടെ മൃതദേഹം വനത്തിന് പുറത്തെത്തിച്ചു. സബ് കളക്ടർ, തഹസിൽദാർ എന്നിവർക്കൊപ്പം എ എസ് പി , പീച്ചി വൈൽഡ് ലൈഫ് വാർഡൻ എന്നിവർ മൃതദേഹം പുറത്തെത്തിക്കാൻ നേതൃത്വം നൽകി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഇന്നു രാത്രി തന്നെ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും കളക്ടർ പറഞ്ഞു.
