തൃശൂര്‍: ഭംഗിയായി പായ്ക്ക് ചെയ്ത് റോഡരികില്‍ മാലിന്യം തള്ളിയ യുവാവിന് എട്ടിന്റെ പണി കൊടുത്ത് നഗരസഭ. തൃശൂര്‍ കുന്നംകുളത്താണ് സംഭവം. യുവാവ് നിക്ഷേപിച്ച മാലിന്യം അതേ രീതിയില്‍ കൊറിയറായി വീട്ടിലെത്തിച്ച് നഗരസഭ പിഴ ഈടാക്കി. പട്ടാമ്പി മെയിന്‍ റോഡില്‍ മൃഗാശുപത്രിക്ക് സമീപം മാലിന്യം നിക്ഷേപിച്ച ഐടി ഉദ്യോഗസ്ഥനായ യുവാവിനാണ് അയാള്‍ നിക്ഷേപിച്ച മാലിന്യവും ഒപ്പം പിഴയും ലഭിച്ചത്.
ശുചീകരണ പ്രവര്‍ത്തനം നടത്തുന്നതിനിടെ കുന്നംകുളം നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാരനായ പ്രസാദിനാണ് റോഡരികില്‍ നിന്ന് ഭംഗിയായി പായ്ക്ക് ചെയ്ത പെട്ടി ലഭിച്ചത്. പെട്ടി തുറന്നു നോക്കിയപ്പോഴാണ് മാലിന്യമാണെന്ന് മനസിലായത്. ഉടന്‍ തന്നെ ശുചീകരണ തൊഴിലാളികള്‍ നഗരസഭ ആരോഗ്യവിഭാഗത്തെ വിവരം അറിയിച്ചു. ഇതിന് പിന്നാലെ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലി പി ജോണ്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം എസ് ഷീബ, പി പി വിഷ്ണു എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഭക്ഷണ, ശീതളപാനീയ അവശിഷ്ടങ്ങളായിരുന്നു ബോക്‌സിനുള്ളില്‍ ഉണ്ടായിരുന്നത്. വിശദമായ പരിശോധനയില്‍ ബോക്‌സില്‍ നിന്ന് മാലിന്യം നിക്ഷേപിച്ച വ്യക്തിയുടെ മേല്‍വിലാസവും മൊബൈല്‍ നമ്പറും ലഭിച്ചു. ഇതോടെ മാലിന്യം അയാള്‍ക്ക് തന്നെ തിരികെ ഏല്‍പിക്കാന്‍ നഗരസഭ ആരോഗ്യ വിഭാഗം അധികൃതര്‍ തീരുമാനിച്ചു.
കൊറിയര്‍ ഉണ്ടെന്ന് പറഞ്ഞ് നഗരസഭ ആരോഗ്യ വിഭാഗം യുവാവിനെ ഫോണില്‍ ബന്ധപ്പെട്ടു. ലൊക്കേഷന്‍ അയച്ച് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തിയുടെ വീട് കണ്ടെത്തി. കൊറിയര്‍ ഉണ്ടെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ വ്യക്തിയെ വീടിന് പുറത്തേയ്ക്ക് വിളിച്ചുവരുത്തി. അപ്പോഴാണ് ബെംഗളൂരുവില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന യുവാവാണ് മാലിന്യം തള്ളിയതെന്ന് വ്യക്തമായത്. തുടര്‍ന്ന് യുവാവ് വലിച്ചെറിഞ്ഞ മാലിന്യം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ തിരിച്ചേല്‍പ്പിക്കുകയും പിഴ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയും ചെയ്തു. നോട്ടീസ് ലഭിച്ചതോടെ യുവാവ് പല ന്യായങ്ങളും പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ നഗരസഭ അധികൃതര്‍ വഴങ്ങിയില്ല. യുവാവില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കി. നായയെ ആശുപത്രിയില്‍ ഡോക്ടറെ കാണിക്കാന്‍ പോയപ്പോഴാണ് മാലിന്യം തള്ളിയതെന്ന് ഇയാള്‍ പറഞ്ഞു. പ്രവൃത്തിയില്‍ കുറ്റംബോധം തോന്നിയ യുവാവിന്റെ പേരും മറ്റ് വിവരങ്ങളും നഗരസഭ പുറത്തുവിട്ടിട്ടില്ല.