തൃശൂർ: ശക്‌തൻ നഗറിലെ ശക്തൻ തമ്പുരാൻ പ്രതിമയ്ക്കു മണിക്കൂറുകളുടെ ഇടവേളയിൽ ഇരുവട്ടം അനാച്ഛാദനം! കോൺഗ്രസിന്റെയും ബിജെപിയുടെയും വകയായിരുന്നു പ്രതീകാത്മക അനാച്‌ഛാദനം.
ഫെബ്രുവരി ഒന്നിന് ശക്തൻ തമ്പുരാൻ പ്രതിമ നഗരത്തിനു സമർപ്പിക്കുമെന്നു പ്രഖ്യാപിച്ച് ചടങ്ങിന് അരമണിക്കൂർ മുൻപ് അനാച്‌ഛാദനം ഉപേക്ഷിച്ച മേയറുടെ നടപടിയിൽ പ്രതിഷേധിച്ചാണ് ഇരുകൂട്ടരും അനാച്‌ഛാദന ആദരവ് പ്രകടിപ്പിച്ചത്. രാവിലെ 11നു കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധച്ചടങ്ങിൽ കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലൻ അനാച്ഛാദനം നടത്തി.
സിപിഐയിലെ മന്ത്രിയെയും എംഎൽഎയെയും കോൺഗ്രസ് കൗൺസിലർമാരെയും ഒഴിവാക്കി സ്വന്തം നിലയിൽ അനാച്ഛാദനം നടത്താൻ സിപിഎമ്മും മേയറും നടത്തിയ ഗൂഡാലോചനയാണ് അനാച്ഛാദന ചടങ്ങിനെ ഈ ഗതികേടിലെത്തിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. 7 ദിവസത്തിനകം എല്ലാ കക്ഷി രാഷ്ട്രീയ പ്രതിനിധികളെയും ഉൾപ്പെടുത്തി ചടങ്ങ് നിർവഹിച്ചില്ലെങ്കിൽ കോൺഗ്രസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ അതു നടത്തുമെന്നും രാജൻ പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് ഇ.വി.സുനിൽരാജ് അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ സിന്ധു ആന്റോ ചാക്കോള, സ്‌ഥിരസമിതി ചെയർമാന്മാരായ ജയപ്രകാശ് പൂവത്തിങ്കൽ, മുകേഷ് കൂളപ്പറമ്പിൽ, ശ്യാമള മുരളീധരൻ, കൗൺസിലർമാരായ ജോൺ ഡാനിയൽ, ലീല വർഗീസ്, ആൻസി ജേക്കബ്, നിമ്മി റപ്പായി, സുനിത വിനു, മേഫി ഡെൽസൻ, വില്ലി ജിജോ, എബി വർഗീസ്, എ.കെ.സുരേഷ് എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.
ഒരു മണിക്കൂറിനുശേഷം ബിജെപി കൗൺസിലർമാരും നേതാക്കളും ചേർന്ന് അനാച്‌ഛാദനം നടത്തി. സിപിഎമ്മും സിപിഐയും മേയറും തമ്മിലുള്ള ഉൾപ്പാർട്ടി രാഷ്ട്രീയപ്പോരിൻ്റെ പേരിൽ ശക്തൻ തമ്പുരാനെ പൊതിഞ്ഞുവച്ച അവസ്ഥയിൽ പ്രതിഷേധിച്ചായിരുന്നു അനൗപചാരിക അനാച്ഛാദനം. കൗൺസിലർമാരായ
വിനോദ് പൊള്ളഞ്ചേരി, എൻ.പ്രസാദ്, പൂർണിമ സുരേഷ്, വി.ആതിര, കെ.ജി.നിജി, എൻ.വി. രാധിക, ബിജെപി വെസ്‌റ്റ് മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി.മേനോൻ, മനോജ് നെല്ലിക്കാട്, രതീഷ് കടവിൽ എന്നിവർ നേതൃത്വം നൽകി.