രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന യൂണിയൻ ബജറ്റ് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ധനകാര്യ മന്ത്രിയുടെ ബജറ്റ് പ്രസംഗം. ഇടത്തരക്കാർക്കും പിന്നാക്ക വിഭാഗത്തിനും പരിഗണന നൽകുന്ന ബജറ്റായിരിക്കും ഇത്തവണ അവതരിപ്പിക്കുക എന്നാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നൽകുന്ന സൂചന. എട്ടോളം തവണയാണ് രാഷ്ട്രപതി പ്രസംഗത്തിൽ മിഡിൽ ക്ലാസ് എന്ന വാക്ക് ഉപയോഗിച്ചത്. ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ പ്രധാനമന്ത്രി നൽകിയ സൂചനയും ഇടത്തരക്കാരെ സംബന്ധിച്ച് ശുഭകരമാണ്. ഇടത്തരക്കാർക്ക് ഐശ്വര്യമുണ്ടാക്കട്ടെ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കാനിരിക്കെ ബജറ്റിലെ മധ്യവർഗ്ഗക്കാരുടെ കരുതൽ തന്നെയാവും നിർമ്മല സീതാരാമൻ്റെ ബജറ്റിലെ ഹൈലൈറ്റെന്ന് ഉറപ്പിക്കാം. ബജറ്റിൽ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ആശ്വാസമാകുന്ന പാക്കേജ് പ്രഖ്യാപിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
