ഭസ്മീകരിക്കുന്ന അഗ്നിയും, മരവിപ്പിക്കുന്ന ശൈത്യവും…
ജീവിത്തിൽ പിന്നിട്ട ഏഴ് ദശകത്തിൽ കൂടിയ പങ്കും താമസിച്ചത് യുദ്ധം, കൊടുങ്കാററ്, ഭൂമികുലുക്കം, കാട്ടുതീ, കൊടുംചൂട്, അതിശൈത്യം, വന്യമൃഗശല്യം, സുനാമി, ഉരുൾപൊട്ടൽ തുടങ്ങിയ ഭീതികൾക്ക് ഇടം തരാത്ത തൃശ്ശൂർ നഗരത്തിലായതുകൊണ്ട് വെല്ലുവിളികൾ നേരിടേണ്ടിവരുന്ന നിസ്സഹായ ജീവിതങ്ങളെക്കുറിച്ചുള്ള അറിവ്, പത്രവാർത്ത, ടി.വി.കാഴ്ച്ച, സാഹിത്യം, സിനിമ എന്നിവയിൽ നിന്ന് ലഭ്യമായത് മാത്രമായിരുന്നു..
2018- ലെ വെള്ളപ്പൊക്കം ആണ് അപവാദം. അതും വീടിന് ഏതാണ്ട് നൂറ് മീറ്റർ ദൂരെ മാത്രമേ വെള്ളം എത്തിയുള്ളൂ എന്നതിനാൽ നേരിട്ടനുഭവിക്കുകയുണ്ടായില്ല.
പക്ഷേ ഇന്നലെ” പുലി മുറ്റത്ത് “തന്നെ എത്തി…

ലോസ് ഏയ്ഞ്ചൽസ് ദിവസങ്ങളായി കത്തിക്കൊണ്ടിരിക്കുന്നു എന്ന വാർത്ത തൃശ്ശൂരിൽ നിന്ന് പുറപ്പെടുന്നതിന് നാളുകൾ മുന്നേ കേൾക്കാൻ തുടങ്ങിയിരുന്നു… അതേ എയർപോർട്ടിലാണ് ഞങ്ങൾ ജനുവരി 18 ന് ഇറങ്ങിയത്. വിമാനത്തിലെ ജാലകക്കാഴ്ച്ചയിലൂടെ നഗരത്തിൻ്റെ വടക്കൻ പ്രദേശങ്ങൾ അഗ്നിക്കിരയാകുന്നത് കാണാൻ കഴിഞ്ഞിരുന്നു. ഞങ്ങൾക്ക് താമസിക്കേണ്ട സാൻഡിയാഗോ പട്ടണം തെക്കൻ ഭാഗത്തായതിനാൽ വഴിയിൽ തടസ്സമൊന്നുണ്ടായില്ല.എട്ട് മാസമായി ഒരു മഴ പോലും ലഭിക്കാത്തതിനാൽ വരണ്ട് കരിഞ്ഞ് കറുത്ത മൊട്ടക്കുന്നുകളാണ് നെടുനീളത്തിൽ പരന്നുകിടന്നിരുന്നത് . സാൻഡിയാഗോയി ലെത്തിയതിൻ്റെ പിറ്റേന്ന്, നാലഞ്ച് നാഴിക ദൂരെ പത്ത് ഏക്കറിൽ ഏറെ സ്ഥലത്ത് തീ പടർന്നതും ചില മലയാളി സുഹൃത്തുക്കളടക്കം പലർക്കും വീട് വിടാൻ ഉള്ള (വിടാൻ ഉള്ളതാണ് വീട് എന്നത് എത്ര ശരി!) അറിയിപ്പ് കിട്ടിയതും അറിഞ്ഞു… ദുരെ പുകപടലങ്ങൾ കാണുകയും ചെയ്തു. വൈകുന്നേരത്തോടെ തീ അണച്ച സമാശ്വാസവും എത്തി.
ഇന്നലെ രാവിലെ 8 മണിക്ക് വീടിന് ഒരു നാഴിക മാത്രം ദൂരെ തീ പിടിച്ചത് ഓഫിസിൽ പോകു മ്പോൾ അലക്സി കാണുകയുണ്ടായി. വിവരം അറിയിക്കുകളും ചെയ്തു… പിന്നെയെല്ലാം പെട്ടെന്നായിരുന്നു. നൂറ് ഏക്കറിലേക്ക് വ്യാപിക്കും എന്ന രീതിയിൽ ജാഗ്രതാ നിർദ്ദേശം വന്നു. . ( അത് സംഭവിച്ചിരുന്നെങ്കിൽ ഞങ്ങളുടെ വീടും അതിൽ പെട്ടം എന്നതായിരുന്നു യാഥാർത്ഥ്യം.)
മുറ്റത്ത് ഇറങ്ങി നോക്കിയപ്പോൾ അന്തരീക്ഷത്തിൽ കട്ടിയായ കറുത്ത പുക പടരുന്നത് കണ്ടു.

വൈകീട്ട് കൊളറാഡൊ സംസ്ഥാനത്തിലെ ഡെൻവറിലേക്ക് യാത്ര പ്ലാൻ ചെയ്തിരുന്നതിനാൽ ബാഗെല്ലാം പാക്ക് ചെയ്ത് ആണ് ഇരുന്നിരുന്നത്.. അഭയ് സ്കൂളിൽ പോയിരുന്നില്ല എന്നതിനാൽ അവനെക്കുറിച്ച് ആശങ്കിക്കേണ്ടിയും വന്നില്ല.. ലേഖ അക്ഷരാർത്ഥത്തിൽ” പെട്ടിയും പ്രമാണവും” ആയി ഇറങ്ങാൻ തയ്യാറായി.
വീടിന് മുന്നിലും പുറകിലും ഉള്ള ടാപ്പുകൾ തുറന്ന് വെച്ച്, വീടടച്ച്, കാറ് ലോഡ് ചെയ്ത് എന്ത് വേണം എന്ന ചിന്തയുമായി മുൻവശത്ത് നില്പായി..…
ഇടതു വശത്തെ അയൽവാസിയായ ചൈനക്കാരൻ പ്രാർത്ഥന മതി എന്ന് സമാധാനിപ്പിച്ചു . വലതുവശത്തെ ഉത്തരേന്ത്യൻ കുടുംബവും എന്ത് വേണം എന്ന് നിശ്ചയിക്കാനാവാതെ പുറത്ത് നിന്നിരുന്നു. വീട് വിട്ടിറങ്ങാൻ ഉച്ചഭാഷിണിയിലൂടെ ആവശ്യപ്പെട്ടുകൊണ്ട് പോലീസ് വാഹനങ്ങൾ കറങ്ങിയിരുന്നു. ഫോണിലേക്ക് നിരന്തരം അലർട്ടും വന്നുകൊണ്ടിരുന്നു . തീ അണക്കാൻ പുറകിലെ റിസർവോയറിൽ നിന്ന് വെള്ളം എടുത്തും, തിരിച്ചും പറന്നുകൊണ്ടിരുന്ന ആറോ ഏഴോ ഹെലികോപ്റ്ററുകളാൽ അന്തരീക്ഷം ശബ്ദമുഖരിതമായിരുന്നു… വീതിയേറിയ റോഡിൽ തന്നെയാണ് കോപ്റ്ററുകൾ ലാൻഡ് ചെയ്തിരുന്നത്
വഴികൾ പലതും അടച്ചതിനാൽ റോഡിൽ ട്രാഫിക് തടസ്സവും അനുഭവപ്പെട്ടു.. അപ്പോൾ അനൗൺസ് മെൻ്റ് വാഹനത്തിൽ നിന്ന് ഇറങ്ങി വന്ന ഒരു പോലിസുകാരൻ വീട് വിട്ട് പോകാൻ നേരിട്ട് നിർദ്ദേശിച്ചു. പിന്നെ താമസിച്ചില്ല. ലേഖ കാർ സ്റ്റാർട്ട് ചെയ്ത് ഒരു സുഹൃത്തിൻ്റെ വീട് ലക്ഷ്യമാക്കി നീങ്ങി…(തലേന്ന് ആ പ്രദേശത്തായിരുന്നു തീ കണ്ടതും വാണിംഗ് വന്നതും എന്നത് ഓർത്തു പോയി ). ഒട്ടേറെ ഡീവിയേഷനുകൾ എടുത്ത് 11 മണിയോടെ അവിടെ എത്തിച്ചേർന്നു.. … 175 ഫയർ ഫൈറ്റേഴ്സ് ഹെലിക്കോപ്റ്ററുകളും ഫയർ എഞ്ചിനുകളും ഉപയോഗിച്ച് പോലീസിൻ്റെ സഹകരണത്തോടെ മണിക്കൂറുകൾക്കുള്ളിൽ എട്ട് ഏക്കറിനുള്ളിലാക്കി ഫയർ ഒതുക്കി ത്തീർത്തു.. ഭരിക്കുന്നത് ഒബാമയോ , ട്രമ്പോ, ബൈഡനോ ആകട്ടെ, ഇത്തരം അവസരങ്ങളിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ അമേരിക്കൻ സംവിധാനങ്ങൾക്ക് കഴിയും എന്നതിന് ഒരു സാക്ഷ്യപത്രം കൂടി ആയി ഈ സംഭവം.അടിക്കാട് അണഞ്ഞിരുന്നില്ലെങ്കിലും വ്യാപനം ഇല്ലാതാക്കി. തീ ശമിക്കപ്പെട്ടു എന്ന തിന്നാൽ (കാറ്റ് ശക്തിയായി വീശിയിരുന്നില്ല എന്നതായിരുന്നു അനുകൂലഘടകം) ഒരു മണിക്ക് പെട്ടിയും പ്രമാണവുമായി വീട്ടിൽ തിരിച്ചെത്തി…

വൈകീട്ട് യാത്ര ചെയ്തത് മഞ്ഞിൽ പുതഞ്ഞ് കിടക്കുന്ന ഡെൻവർ നഗരത്തിലേക്കായിരുന്നു തണുപ്പകറ്റാൻ കൃത്രിമമായി തീ എരിച്ചാണ് രാത്രി കഴിച്ചുകൂടിയത്. പുറത്തിറങ്ങാൻ പറ്റാത്ത വിധം മഞ്ഞിൽ പൊതിഞ്ഞിരിക്കുന്ന വീട്ടുപരിസരങ്ങളുടെ കാഴ്ചയാണ് പ്രഭാതം കൺ മിഴിച്ചപ്പോൾ കാണാൻ കഴിഞ്ഞത് …’
പ്രകൃതിയുടെ വിരുദ്ധഭാവങ്ങൾ മണിക്കൂറുകൾക്കിടക്ക് കാണാൻ കഴിഞ്ഞ അനന്തമജ്ഞാതമവർണ്ണനീയമായ മായാജാലത്തെക്കുറിച്ച് ചിന്തിച്ച് മരവിച്ചിരിക്കുകയാണിപ്പോൾ…
-Haridas Maruthur
