റഷ്യയുടെ കിഴക്കൻ മേഖലയിലുണ്ടായ വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകൾ ആഞ്ഞടിച്ചു. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണിത്. വടക്കൻ പസഫിക് മേഖലയിലാണ് സുനാമിയുണ്ടായത്. അലാസ്ക, ഹവായ്, ന്യൂസിലൻഡിന് തെക്ക് തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്.

ഹോണോലുലുവിൽ സുനാമി മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങുകയും ആളുകൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറുകയും ചെയ്തു. ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയം ഒഴിപ്പിച്ചു. എത്രത്തോളം നാശനഷ്ടമുണ്ടായെന്ന് ഇപ്പോൾ വ്യക്തമല്ല.
ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ കണക്കനുസരിച്ച് ഏകദേശം 30 സെന്റീമീറ്റർ ഉയരമുള്ള സുനാമി തിരമാലകൾ ഹൊക്കൈഡോയുടെ കിഴക്കൻ തീരത്തുള്ള നെമുറോയിൽ ആഞ്ഞടിച്ചു. റഷ്യയുടെ കുറിൽ ദ്വീപുകളിലെ പ്രധാന വാസസ്ഥലമായ സെവെറോ-കുരിൽസ്കിന്‍റെ തീരപ്രദേശത്ത് സുനാമി തിരമാലകൾ ആഞ്ഞടിച്ചതായി പ്രാദേശിക ഗവർണർ വലേരി ലിമാരെങ്കോ അറിയിച്ചു. ആളുകൾ സുരക്ഷിതരാണെന്നും ഭീഷണി അവസാനിക്കുന്നത് വരെ ഉയർന്ന സ്ഥലങ്ങളിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.


