ചേര്‍പ്പ്: ബ്ലോക്ക് പഞ്ചായത്തിലെ ആദ്യത്തെ ശീതീകരിച്ച ഹൈടെക് അങ്കണവാടിയുടെ ഉദ്ഘാടനം നാട്ടിക നിയോജകമണ്ഡലം എം.എല്‍.എ. സി.സി. മുകുന്ദന്‍ നിര്‍വഹിച്ചു. നാട്ടിക എം.എല്‍.എ യുടെ 2020- 21 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ഉപയോഗിച്ചാണ് അങ്കണവാടിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. സ്മാര്‍ട്ട് അങ്കണവാടിയില്‍ എയര്‍ കണ്ടീഷന്‍, സി.സി.ടി.വി. ക്യാമറ, സ്മാര്‍ട്ട് ടിവി, കളി ഉപകരണങ്ങള്‍, സൗണ്ട് സിസ്റ്റം എന്നിവയെല്ലാമുണ്ട്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി വിനയന്‍ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് അങ്കണവാടിയിലെ ആദ്യകാല പ്രവര്‍ത്തകരെ ആദരിച്ചു. ടീം 86 ന്റെ നേതൃത്വത്തില്‍ ഗാനമേളയും സംഘടിപ്പിച്ചു.

ജില്ലാ റോഡ് സുരക്ഷാ സമിതി യോഗം ചേര്‍ന്നു
തൃശ്ശൂര്‍ ജില്ലാ റോഡ് സുരക്ഷാ സമിതിയുടെ ഏഴാമത് യോഗം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയിലെ വിവിധ ഗതാഗത, റോഡ് സുരക്ഷാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത യോഗം വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനായി സ്വീകരിച്ച നടപടികളുടെ പുരോഗതി വിലയിരുത്തി.
ജില്ലയിലെ മങ്ങിയ സീബ്രാ ക്രോസിങ്ങുകൾ നവീകരിക്കുന്നതിനുള്ള പ്രവൃത്തികൾ പി.ഡബ്ല്യു.ഡി പലയിടങ്ങളിലൽ പൂർത്തികരിച്ചിട്ടുണ്ട്. മറ്റു റോഡുകളിലെ ആവശ്യമുള്ള സീബ്രാ ക്രോസിങ്ങുകളുടെ നവീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി നടപ്പിലാക്കാൻ കെ.എസ്.ടി.പി, കെ. ആർ. എഫ്. ബി, കോർപ്പറേഷൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരോട് നിർദേശിച്ചു .

വിയ്യൂർ പവർഹൗസ് ജംഗ്ഷനിലെ അപകടസാധ്യത ഇല്ലാതാക്കുവാനായി ഗതാഗത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് പത്ത് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പി.ഡബ്ല്യു.ഡി യോഗത്തിൽ സമർപ്പിക്കുകയും യോഗം അംഗീകരിക്കുകയും ചെയ്തു. ഈ റോഡിൽ ഡിസംബർ മാസത്തിൽ ഒരു അപകടമരണം സംഭവിച്ചതിനാൽ ആവശ്യമുള്ള റോഡ് സുരക്ഷാ നടപടികൾ അടിയന്തരമായി നടത്തേണ്ടതിന് എസ്റ്റിമേറ്റ് ഉൾപ്പെടുത്തി ഒരു കത്ത് ചീഫ് എൻജിനീയർക്ക് അയയ്ക്കാൻ യോഗം തീരുമാനിച്ചു.
തൃശ്ശൂര്‍ ജില്ലയിലെ നടപ്പാതകളുടെ അവസ്ഥ വിലയിരുത്തിയ സമിതി ചെയര്‍മാൻ കൂടിയായ ജില്ലാകളക്ടര്‍ അവയുടെ അറ്റകുറ്റപ്പണികൾക്കുള്ള നടപടികള്‍ വേഗത്തില്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തൃശ്ശൂർ റൗണ്ടിലെ നടപ്പാതകളിൽ പരിശോധന നടത്തി ആവശ്യമായയിടങ്ങളിൽ നവീകരണപ്രവർത്തനങ്ങൾ ആരംഭിക്കാൻ യോഗം കോർപ്പറേഷൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ജില്ലയിലെ മങ്ങിയതും വ്യക്തതയില്ലാത്തതുമായ ദിശാബോര്‍ഡുകള്‍ മാറ്റിസ്ഥാപിക്കാനും, ബോർഡുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ പുതിയവ സ്ഥാപിക്കാനും, കാടുപിടിച്ചുകിടക്കുന്ന ബോർഡുകൾ വൃത്തിയാക്കുന്നതിനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
റോഡുകളിലെ അപകടാവസ്ഥയിലുള കുഴികൾ നികത്താൻ അടിയന്തര നടപടിയെടുക്കാനും യോഗം തീരുമാനിച്ചു.
ജില്ലയിലെ റോഡപകടങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ ചോദിച്ചറിഞ്ഞ കളക്ടര്‍ റോഡ് സുരക്ഷാ നടപടികളുടെ പുരോഗതി വിലയിരുത്താന്‍ എല്ലാ മൂന്നു മാസങ്ങളിലും സുരക്ഷാ സമതി യോഗം ചേരണമെന്ന് ആവശ്യപ്പെട്ടു. 2023 ൽ തൃശൂർ ജില്ലയിൽ 5002 റോഡ് അപടങ്ങളിലായി 441 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 2024 ൽ ഇത് 4801 അപകടങ്ങളും 358 മരണങ്ങളുമായി കുറഞ്ഞു എന്ന് ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു.
വിയ്യൂര്‍ ജയില്‍ മുതല്‍ പമ്പ് വരെയുള്ള റോഡില്‍ മീഡിയന്‍ സ്ഥാപിക്കുന്നതിനെ കുറിച്ച് സംയുക്ത പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
റോഡപകടങ്ങള്‍ കുറയ്ക്കാന്‍ കോലഴി മുതല്‍ ഡോക്ടര്‍ പടി വരെയുള്ള റോഡില്‍ ബ്ലിങ്കിങ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനു വേണ്ടി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കളക്ടര്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) കെ. ബി. സിന്ധു, പി.ഡബ്ലു. ഡി. കോർപ്പറേഷൻ, മോട്ടോർ വാഹന വകുപ്പുമേധാവികള്‍ എന്നിവര്‍ പെങ്കെടുത്തു.
