തിരുവില്വാമല : പാമ്പാടി നിളാ തീരത്തെ ഐവർമഠം പൈതൃക ശ്‌മശാനത്തിൽ കളിയാട്ടം നടന്നു. കേരള ഫോക്ലോർ അക്കാദമിയുടെ സഹകരണത്തോടെ ഐവർമഠം പൈതൃക സംസ്‌കാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് കളിയാട്ടം സംഘടിപ്പിച്ചത്.
ഉത്തരകേരളത്തിന് പുറത്ത് പൂർണാനുഷ്‌ഠാനങ്ങളോടെ കളിയാട്ടം അരങ്ങേറുന്നതും ചുടലക്കളത്തിൽ തെയ്യം കെട്ടിയാടുന്നതും പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ മാത്രമാണ്. കണ്ണൂർ ഇരിട്ടി സ്വദേശി അനീഷ് പെരുമലയന്റെ മുഖ്യകാർമികത്വത്തിലാണ് തെയ്യം അരങ്ങേറിയത്.
ബുധനാഴ്ച വൈകീട്ട് ഐവർമഠം
ഓഫീസിൽനിന്നും വിളക്കും തിരിയും എഴുന്നള്ളിക്കലോടെയാണ് കളിയാട്ടത്തിന് തുടക്കമായത്. കാവിലേക്ക് പ്രവേശിച്ച് കൊട്ടിപ്പാടി ചടങ്ങുകളോടെ പൊട്ടൻ തെയ്യത്തിന്റെ തോറ്റമായിരുന്നു ആദ്യം. തുടർന്ന് ഭദ്രകാളിയുടെ തോറ്റമായ കുളിച്ചെഴുന്നള്ളത്ത് നടന്നു.
തുടർന്ന് ചുടലഭദ്രകാളി തെയ്യം, പൊട്ടൻ തെയ്യം, വിഷ്ണുമൂർത്തി തെയ്യം എന്നീ തെയ്യങ്ങൾ ശ്മശാനഭൂമിയിൽ നിറഞ്ഞാടി. പൊട്ടൻതെയ്യത്തിൻ്റെ അഗ്നി പ്രവേശനവും നടന്നു. അർധരാത്രിയിൽ നടന്ന കളിയാട്ടം കാണാൻ നിറഞ്ഞ സദസ്സുമുണ്ടായിരുന്നു. ഡോ. സേതുമാധവൻ, കെ. ശശികുമാർ, രമേഷ് കോരപ്പത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
കെ. രാധാകൃഷ്ണൻ എം.പി. ഉദ്ഘാടനം ചെയ്തു. യു.ആർ. പ്രദീപ് എം.എൽ.എ., കെ. പ്രേംകുമാർ എം.എൽ.എ., പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ്, തിരുവില്വാമല പഞ്ചായത്ത് പ്രസിഡന്റ് കെ. പദ്മജ, ലാൽ ജോസ്, എ.വി. അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.



