തികച്ചും ശൂന്യത എങ്ങും പടർന്നു പിടിക്കുന്നു ഇരുട്ട് പോലെ. എഴുത്തിൻറെ തമ്പുരാൻ എന്ന് വിശേഷിപ്പിക്കാൻ ഉതകുന്ന എഴുത്തുകാരൻ ആരാണെന്ന് ചോദിച്ചാൽ നിസ്സംശയം നമുക്ക് പറയാൻ സാധിക്കും പകരക്കാരൻ ഇല്ലാത്ത അമരക്കാരൻ ആയ എം.ടീ എന്ന്. ഇത്രയും ആഘോഷിക്കപ്പെട്ട ഒരു പേര് മലയാളത്തിൽ ഒരുപക്ഷേ കാണില്ല. കാലത്തിൻറെ ശക്തമായ കുത്തൊഴുക്കിൽ ഒഴുക്കിനെതിരെ നീന്തിയ ആ കഥാകാരൻ സൃഷ്ടിച്ച കഥാപാത്രങ്ങൾ കാലത്തിനിപ്പുറവും ആവേശവും, നൊമ്പരവും, സന്തോഷവുമായി പ്രേക്ഷകന്റെ മനസ്സിൽ എവിടെയോ തളംകെട്ടി നിൽക്കുന്നു.
“എൻറെ തിരക്കഥകൾ ശ്രേഷ്ഠമായ രചനകൾ ആണെന്നോ സ്ക്രിപ്റ്റിങ്ങിന്റെ ഉത്തമമായ മാതൃക എന്നോ ഞാൻ പറയില്ല.
പക്ഷേ നല്ല സിനിമയിലേക്ക് എത്താനുള്ള പരിശ്രമം ആയിരുന്നു അതെല്ലാം.
അതുപോലെ
” എന്താ ജോലി എന്ന് ചോദിച്ചു കഴിഞ്ഞാൽ ഞാൻ പറയില്ല എഴുത്തുകാരൻ ആണ് എന്ന് പകരം പത്രപ്രവർത്തകൻ എന്ന് മാത്രം പറയും. ഇത്രയും വിനയത്തോടെയും താഴ്മയോടെയും സംസാരിക്കുന്നത്”
വായനക്കാരനെയും ,കാഴ്ചക്കാരനെയും ഒരുപോലെ
സാഹിത്യം കൊണ്ടും , സിനിമാ കൊണ്ടും വിസ്മയിപ്പിച്ച ഒരു അതുല്യ പ്രതിഭയായ എം.ടീ വാസുദേവൻ നായരാണ്.
പ്രശസ്ത സിനിമ സംവിധായകനായ സത്യൻ അന്തിക്കാട് ഒരിക്കൽ പറഞ്ഞിട്ടുണ്ട് എം ടീ യുടെ എല്ലാ കഥകളിലും എനിക്ക് എന്നെ കാണാൻ സാധിക്കും. ഭീമനിലും, ചന്തുവിൽ പോലും എനിക്ക് എന്നെ കാണാം.
എ കെ വിൻസന്റിന്റെ സംവിധാനത്തിൽ 1965ൽ പുറത്തിറങ്ങിയ മുറപ്പെണ്ണ് മുതൽ എഴുത്തിന്റെ തെര് 2024 പുറത്തിറങ്ങിയ മനോരഥങ്ങൾ വരെ ശരവേഗത്തിലാണ് സഞ്ചരിച്ചത്. ആദ്യ സിനിമയായ മുറപ്പെണ്ണ് എന്നും മലയാള സിനിമ ചരിത്രത്തിലെ നാഴികക്കല്ലാണ്. പതിമൂന്നാമത് ദേശീയ അവാർഡ് കാവ്യ മേള, ഓടയിൽ നിന്നും തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മുറപ്പെണ്ണിനാണ് ലഭിച്ചത് എന്നത് മായിക്കപ്പെടാത്ത ചരിത്രം. എംടീ യുടെ തന്നെ ഒരുപാട് വായിക്കപ്പെട്ട സ്നേഹത്തിൻറെ മുഖങ്ങൾ എന്ന ചെറുകഥ തന്നെയാണ് മുറപ്പെണ്ണ് എന്ന പേരിൽ സിനിമയായത്.
വീണ്ടും 1967 ദേശീയ അവാർഡ് പി ഭാസ്കരൻ സംവിധാനം ചെയ്ത ഇരുട്ടിൻറെ ആത്മാക്കൾ എന്ന ചിത്രത്തിന്. സാമൂഹ്യപ്രശസ്തിയുള്ള ചിത്രം എന്ന വിശേഷണമാണ് അവാർഡിന് അർഹമായത്. പ്രേം നസീറിന്റെ എക്കാലത്തെ മികച്ച പ്രകടനം.
1970ൽ മികച്ച തിരക്കഥക്കുള്ള സംസ്ഥാന അവാർഡ്. ഓളവും തീരവും എന്ന സിനിമയ്ക്ക് ലഭിച്ചു.
ചതിയനായ പാണൻ പാട്ടുകളിലെ ചന്തുവിന് ഒരു നായക പരിവേഷം നൽകിയപ്പോൾ പിറന്നത് മികച്ച ക്ലാസിക് സിനിമകളിൽ ഒന്ന്. അതാണ് എം ടീ . പറഞ്ഞു കേട്ട കഥകൾ ഒന്നും വിശ്വസിക്കാതെ അതിന് തന്റേതായ ഒരു മുഖം ചാർത്തിക്കൊടുത്ത് വേറൊരു രൂപം സൃഷ്ടിച്ചിരിക്കുന്ന
മഹേന്ദ്രജാലക്കാരൻ.
തൻറെ നായകന്മാർ മാത്രമല്ല നായികമാർ പോലും ശക്തരായിരുന്നു.
സിനിമയിലെ സ്ഥിരം ചട്ടക്കൂട് പൊളിച്ച് എഴുതൽ ആയിരുന്നു എംടിയുടെ ശൈലി. ശക്തരായ നായകന്മാരെ സൃഷ്ടിക്കുന്ന പുരുഷ മേധാവിത്വത്തിന്റെ സ്ഥിരം ക്ലീഷകളെ പൊളിച്ചടുക്കി മികച്ച നായികമാർ അതായിരുന്നു എംടിയുടെ രചന സ്റ്റൈൽ .
പഞ്ചാഗ്നിയിലെ ഇന്ദിര, പരീക്ഷണങ്ങൾക്ക് നടുവിലും അഗ്നിയായി പ്രകാശിച്ച പരിണയത്തിലെ ഉണ്ണിമായ , ഒറ്റപ്പെടലിന്റെ വെയിലത്തും വാടിപ്പോകാത്ത ആൾക്കൂട്ടത്തിൽ തനികയിലെ അമ്മുക്കുട്ടി, നല്ല ഉശിരുള്ള പെൺ പുലിക്കുട്ടിയായ ദയ, അങ്ങനെ നീളുന്നു എംടീ യുടെ സ്ത്രീകഥാപാത്രങ്ങൾ.
മികച്ച പ്രതിനായകന്മാരെ പോലും സൃഷ്ടിക്കാൻ അദ്ദേഹത്തിൻറെ തൂലികയ്ക്ക് കഴിഞ്ഞു. അതിൻറെ ഉത്തമമായ ഉദാഹരണമാണ് താഴ്വാരത്തിലെ രാജു. ചോരയുടെ മണമുള്ള കാറ്റ് വീശുന്ന താഴ്വാരം. അടങ്ങാത്ത പകയുടെ കനലുമായി അവിടേക്ക് എത്തുന്ന നായകൻ. എന്നും മലയാളികളുടെ മനസ്സിൽ ഈ സിനിമ ഇങ്ങനെ നിറഞ്ഞു നിൽക്കും. പ്രതിനായകനായ രാജു എന്ന കഥാപാത്രം നന്നായി തിരശ്ശീലയ്ക്ക് മുന്നിൽ ആടി തീർത്തത് സലിം എന്നാൽ അന്യഭാഷ നടനായിരുന്നു. മനോഹരമായ അദ്ദേഹത്തിന് ശബ്ദം നൽകി ആ കഥാപാത്രത്തിന് പൂർണ്ണതയിൽ എത്തിച്ചത് ഷമ്മി തിലകനും. ഭീകരനായ വില്ലന്റെ മറ്റൊരു മുഖമായിരുന്നു രാജുവിൽ മലയാളികൾ കണ്ടത്.
ഉത്തരം സിനിമയിലേക്ക് വന്നു കഴിഞ്ഞാൽ ഒരാളുടെ ആത്മഹത്യയുടെ കാരണം തേടിയിറങ്ങിയ മമ്മൂട്ടിയുടെ കഥാപാത്രത്തെ നമുക്ക് ദർശിക്കാം. എല്ലാം മനസ്സിലാക്കിയിട്ടും ഒന്നുമറിയാത്തതുപോലെ തിരിച്ചു പോവുകയാണ് അവസാനം അയാൾ. പുതു കാഴ്ചയുടെ മറ്റൊരു വസന്തമാണ് സിനിമാലോകത്ത് എംടി തീർത്തത്.
മലയാളത്തിലെ മുൻനിര സംവിധായകരോട് ആരുടെ തിരക്കഥ സംവിധാനം ചെയ്യണം എന്ന് ചോദിച്ചാൽ രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ അവർക്ക് പറയാൻ സാധിക്കും എംടി എന്ന രണ്ടക്ഷരം ആ രണ്ട് അക്ഷരത്തിൽ എല്ലാം ഉണ്ടായിരുന്നു. അതുപോലെ മുൻനിര അഭിനേതാക്കളുടെ വലിയ സ്വപ്നവുമാണ് അദ്ദേഹത്തിൻറെ തിരക്കഥയിൽ ഒരു കഥാപാത്രമായി വരണം എന്നത്. നല്ല സ്ഫുടത ഉണ്ടെങ്കിൽ മാത്രമേ എം ടീ യുടെ തിരക്കഥയിൽ അഭിനയിക്കാൻ സാധിക്കുകയുള്ളൂ എന്നത് മറ്റൊരു യാഥാർത്ഥ്യം.
സിനിമ മുന്നോട്ടു സഞ്ചരിച്ചപ്പോൾ പിന്നീട് വന്ന തലമുറയും ഈ കഥാകാരന്റെ പേര് നെഞ്ചിലേറ്റി. കേരളവർമ്മ പഴശ്ശിരാജയും, ഏഴാമത്തെ വരവും ഒടുവിൽ ഇറങ്ങിയ മനോരഥങ്ങളും കാഴ്ചക്കാർക്ക് കൂടുതൽ ആവേശമാണ് നൽകിയത്.
മനോരഥങ്ങൾ എന്ന ആന്തോളജി ചലച്ചിത്ര ആവിഷ്കാരത്തിൽ വർഷങ്ങൾക്കു മുൻമ്പ് പുറത്തിറങ്ങിയ ഓളവും തീരവും പുതിയ കാലഘട്ടത്തിൻറെ സാങ്കേതികവിദ്യയിൽ പ്രേക്ഷകർ കണ്ടു. അന്നത്തെ ഓളവും തീരവും സംവിധാനം ചെയ്തത് പി എം മേനോൻ ആയിരുന്നു അഭിനയിച്ചത് മധുവും. കാലം മാറി, സിനിമ മാറി, ബ്ലാക്ക് ആൻഡ് വൈറ്റിന്റെ സ്ഥാനത്ത് കളർ വന്നു, ഫിലിമിന്റെ സ്ഥാനത്ത് അത്യുഗ്രൻ ക്യാമറ ടെക്നോളജികൾ വന്നു, പിഎം മേനോന്റെ സ്ഥാനത്ത് പ്രിയദർശനും, മധുവിന്റെ സ്ഥാനത്ത് മോഹൻലാലും സ്ഥാനം ഉറപ്പിച്ചപ്പോൾ എഴുത്തിന്റെ സ്ഥാനത്ത് എംടി എന്ന രണ്ടക്ഷരം ഇങ്ങനെ തിളങ്ങി നിന്നു. ആ രണ്ടക്ഷരത്തിന് കോട്ട് വെക്കാൻ ഒരു മൂന്നക്ഷരം ഈ കാലത്തും ഉണ്ടായില്ലെന്നത് അമ്പരപ്പിക്കുന്ന വസ്തുത തന്നെയാണ്. അദ്ദേഹത്തിൻറെ എക്കാലത്തെയും വായനക്കാരുടെ പ്രിയപ്പെട്ട നോവൽ രണ്ടാമൂഴം എന്ന സ്വപ്നം മാത്രം ബാക്കിയാക്കി കാലത്തിൻറെ കഥാകാരൻ അങ്ങനെ യാത്രയാവുകയാണ്.
പൂർണ്ണമായ ആ തിരക്കഥ ഒരിക്കൽ തിരശ്ശീലയിൽ ചലച്ചിത്ര ആവിഷ്കാരം ആവുമ്പോൾ എവിടെയോ ഒരു ലോകത്തിരുന്ന് എല്ലാം കാണട്ടെ എന്ന് പ്രാർത്ഥിക്കുന്നു….
-അബിൻ തിരുവല്ല
