തൃശൂര്‍: രണ്ട് സൈബര്‍ ക്രൈം കേസുകളിലായി എട്ടര ലക്ഷത്തിലധികം തുക തട്ടിയെടുത്ത പ്രതികളെ ഉത്തരേന്ത്യയില്‍ നിന്നും സൈബര്‍ ക്രൈം പൊലീസ് പിടികൂടി. ബീഹാര്‍ നവാഡ ജില്ലയിലെ ബിക്കാണ്‍പുര സ്വദേശിയായ സഞ്ജയ്കുമാര്‍ (27), ബീഹാര്‍ പാറ്റ്‌ന ജില്ലയിലെ ശിവപുരി സ്വദേശിയായ അഭിമന്യു സിംഗ് (36), ജാര്‍ഖണ്ഡ് മധുപൂര്‍ സ്വദേശിയായ ദിനുകുമാര്‍ മണ്ഡല്‍ (30) എന്നിവരെയാണ് തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വ്യത്യസ്ത സൈബര്‍ തട്ടിപ്പ് കേസുകളിലായി 8,52,600 രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളാണ് ഇവര്‍.
14.09.2023ന് പെരിങ്ങാവ് സ്വദേശിയെ ഫോണില്‍ വിളിച്ച് ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്ക് ചെയ്യുന്നതിനായി ഒരു വെബ് സൈറ്റ് ലിങ്ക് അയച്ചു കൊടുക്കുകയും അതിലൂടെ പേയ്‌മെന്റ് അടക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തപ്പോള്‍ 1,38,500 രൂപ അയച്ചുകൊടുക്കുകയായിരുന്നു. എന്നാല്‍ പിന്നീട് സ്‌കൂട്ടറോ ഈ തുകയോ ലഭിക്കാത്തതിനെ തുടര്‍ന്ന് തട്ടിപ്പാണെന്ന് മനസിലാക്കി തൃശൂര്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
മറ്റൊരു കേസില്‍ കഴിഞ്ഞ മെയ് രണ്ടിന് പുന്നയൂര്‍ സ്വദേശിയുടെ ഫോണിലേയ്ക്ക് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതായുള്ള മെസേജ് വരികയും, വന്നത് ബാങ്ക് മെസേജ് ആണെന്ന് കരുതി അതില്‍ കാണപ്പെട്ട ലിങ്കില്‍ കയറിയപ്പോള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നൽകിയ ശേഷം ബാങ്ക് അധികാരികളാണെന്ന് പറഞ്ഞ് വിവിധ നമ്പരുകളില്‍ നിന്ന് ഫോണ്‍ വിളിച്ച് ഒ.ടി.പി. നമ്പര്‍
കൈക്കലാക്കി 7,14,100 രൂപ തട്ടിയെടുക്കുകയായിരുന്നു.
രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് പ്രതികള്‍ ഉത്തരേന്ത്യയില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ സുധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉത്തരേന്ത്യയിലേക്ക് പുറപ്പെടുകയായിരുന്നു. പിന്നീടുള്ള വിശദമായ അന്വേഷണത്തില്‍ 7,14,100 രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ ജാര്‍ഖണ്ഡില്‍ നിന്നും 1,38,500 രൂപ തട്ടിപ്പ് നടത്തിയ പ്രതികളെ ബീഹാറില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ബീഹാറിലെ നഹര്‍ട്ട് പൊലീസ്, പാടലീ പുത്ര പൊലീസ്, ബീഹാറിലെ മധുപൂര്‍ പൊലീസ് എന്നീ പോലീസ് സേനകളുടെ സഹായവും പ്രതികളെ പിടികൂടാന്‍ സഹായകമായി.
പ്രതികള്‍ വ്യാജ വെബ് സൈറ്റ് ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. അന്വേഷണ സംഘത്തില്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെ്കടര്‍ സുധീഷ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ആര്‍.എന്‍. ഫൈസല്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ വിനു കുര്യാക്കോസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിനോദ് ശങ്കര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഇ.എസ്. ഷിനിത്ത്, അനൂപ്, ശരത്ത് കെ., അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.