നവം. 26 ന് പുലര്‍ച്ചെ നാട്ടികയില്‍ ലോറിയിടിച്ച് റോഡരുകില്‍ കിടന്നുറങ്ങിയതില്‍ അപകടം സംഭവിച്ചവര്‍ക്ക് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് സൗകര്യങ്ങള്‍ ഒരുക്കിയതിന്റെ പുരോഗതി ജില്ലാ കളക്ടര്‍ മെഡിക്കല്‍ കോളേജ് അധികൃതരും റവന്യു ദുരന്ത നിവാരണ വിഭാഗവുമായി അവലോകനം നടത്തി. ചികിത്സയിലുള്ളവരുടെ വിവരങ്ങള്‍ അന്വേഷിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുമായി അവണൂര്‍ വില്ലേജ് ഓഫീസറെയും ജീവനക്കാരെയും പകല്‍ സമയങ്ങളിലും, കിള്ളന്നൂര്‍ വില്ലേജ് ഓഫീസറെയും ജീവനക്കാരെയും രാത്രി സമയങ്ങളിലും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ പരിചരണം ഉറപ്പുവരുത്തുന്നതിന് താലൂക്ക് ഓഫീസിലെ ദുരന്തനിവാരണവിഭാഗം ജൂനിയര്‍ സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പരിക്കേറ്റവരുടെ ചികിത്സയോടൊപ്പം മറ്റ് സമാശ്വാസ നടപടികളും സമയബന്ധിതമായി സ്വീകരിക്കുന്നതിന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, പി.ആര്‍.ഒ. എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പരിക്കേറ്റവര്‍ക്കും ബന്ധുക്കള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള രാവിലെയും ഉച്ചയ്ക്കും രാത്രിയിലുമുള്ള ഭക്ഷണം ആശുപത്രിയിലെ കാന്റീനില്‍ നിന്നും നല്‍കുന്നതിനും ഏര്‍പ്പാടാക്കി. അതാത് ദിവസത്തെ ബില്ലുകള്‍ യഥാസമയം ലഭ്യമാക്കുന്നതിനും അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തഹസില്‍ദാര്‍, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള താലൂക്ക് സംഘം പരിക്കേറ്റ് വാര്‍ഡില്‍ കഴിയുന്നവരെയും, ഐ.സി.യു വിലെ രോഗികളുടെ കൂട്ടിരിപ്പുകാരെയും നേരില്‍ സന്ദര്‍ശിച്ച് ചികിത്സയും സ്ഥിതിഗതികളും വിലയിരുത്തുന്നതിനായും നിയോഗിച്ചിട്ടുണ്ട്. അപകടത്തിനിരയായവര്‍ക്ക് എന്താവശ്യം വന്നാലും അക്കാര്യം അറിയിക്കണമെന്നും, ചികിത്സയും പരിചരണവുമായി ബന്ധപ്പെട്ട് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകില്ലെന്നും ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. കൂടാതെ പരിക്കേറ്റവര്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും ബെഡ്ഷീറ്റ്, പായ, തലയിണ, കപ്പ്, കലം എന്നിവ നല്‍കിയിട്ടുണ്ട്. ചികിത്സയുമായി ബന്ധപ്പെട്ട് കൂട്ടിരിപ്പുകാരുടേയും ഏതാവശ്യത്തിനും തഹസില്‍ദാരെ വിളിക്കാവുന്നതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.