ടെന്നിസ് ഇതിഹാസം റാഫേല്‍ നദാലിന് നിരാശയോടെ പടിയിറക്കം. സ്പാനിഷ് താരം തന്റെ അവസാനത്തെ സിംഗിള്‍സ് മത്സരത്തില്‍ പരാജയപ്പെട്ടു. വിടവാങ്ങല്‍ മത്സരമായ ഡേവിസ് കപ്പില്‍ നെതര്‍ലാന്‍ഡ്‌സിനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തിലാണ് റാഫ തോല്‍വി വഴങ്ങിയത്.
മലാഗയില്‍ നടന്ന ക്വാര്‍ട്ടറില്‍ നെതര്‍ലാന്‍ഡ്‌സിന്റെ ബോട്ടിക് വാന്‍ ഡി സാന്‍ഡ്സ്ചല്‍പ്പിനാണ് നദാലിനെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ തോല്‍വി. വിരമിക്കല്‍ തീരുമാനം നേരത്തെ പ്രഖ്യാപിച്ച നദാല്‍ ഇനിയൊരു മത്സരം കളിക്കുമോ എന്ന് കണ്ടറിയണം.
ഡേവിസ് കപ്പോടെ ടെന്നിസിനോട് വിട പറയുമെന്ന് കഴിഞ്ഞ മാസമാണ് 38കാരനായ നദാല്‍ പ്രഖ്യാപിച്ചത്. കരിയറിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ രണ്ടാമത്തെ പുരുഷ താരമാണ് നദാൽ. 22 ഗ്രാൻഡ്സ്ലാമാണ് നദാൽ തന്റെ ടെന്നിസ് കരിയറിൽ നേടിയത്. 14 തവണ ഫ്രഞ്ച് ഓപൺ കിരീടവും സ്പാനിഷ് താരം സ്വന്തമാക്കി. കരിയറിൽ ആകെ 92 കിരീടങ്ങളാണ് നദാൽ നേടിയിട്ടുള്ളത്. ഒരു തവണ ഒളിംപിക്സ് സ്വർണവും നദാൽ സ്വന്തമാക്കി.
കഴിഞ്ഞ മാസം നടന്ന ലേവർ കപ്പിലാണ് നദാൽ നേരത്തെ ഒരു ടൂർണമെന്റിൽ പങ്കെടുത്തത്. പാരിസ് ഒളിംപിക്സിന് ശേഷം ലേവർ കപ്പിൽ പങ്കെടുക്കുമെന്ന് നദാൽ പറഞ്ഞിരുന്നു. 2024 ഓടെ തന്റെ കരിയറിന് അവസാനമായേക്കുമെന്നും നേരത്തെ തന്നെ നദാൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പരിക്കും മറ്റും പതിവായതോടെയാണ് നദാൽ തന്റെ ടെന്നിസ് കരിയറിന് തിരശീലയിടാൻ തീരുമാനിച്ചത്.