തൃശ്ശൂർ: സർക്കാർ ബഡ്ജറ്റിൽ നിർദേശിച്ച ജില്ലകൾ തോറുമുള്ള സാംസ്കാരിക സമുച്ചയം ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ തൃശ്ശൂരിൽ യാഥാർത്ഥ്യമാക്കണമെന്ന് അയനം സാംസ്കാരികവേദി ആവശ്യപ്പെട്ടു. മറ്റു പല ജില്ലകളിലും സമുച്ചയ നിർമ്മാണം പൂർത്തിയായിട്ടും തൃശ്ശൂരിൽ സ്ഥലം പോലും ഏറ്റെടുക്കാത്തത് ആശങ്കാജനകമാണ്. ഡോ. സുകുമാർ അഴീക്കോട് സ്മാരകത്തെ സ്വതന്ത്രസ്മാരകമാക്കി പ്രഖ്യാപിക്കണമെന്നും, സ്മാരകത്തെ കേരളത്തിലെ പ്രധാന യൂണിവേഴ്സിറ്റികളുടെ റിസർച്ച് സെന്ററാക്കി മാറ്റണമെന്നും അയനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സാംസ്കാരിക സ്ഥാപനങ്ങളെയും ജീവനക്കാരെയും സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്, സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമായ സാമ്പത്തിക സഹായം ചെയ്യുന്നതിൽനിന്ന് സർക്കാർ പിന്മാറരുത്. വിരമിച്ച ജീവനക്കാരുടെ പെൻഷൻ കാലതാമസം കൂടാതെ നൽകാൻ നടപടിയുണ്ടാകണമെന്നും അയനം ആവശ്യപ്പെട്ടു.
വിശ്വമാനവികതയെ ഉയർത്തിപ്പിടിയ്ക്കേണ്ട കാലത്ത്, അധികാരത്തിൽ പ്രതിഷ്ഠിക്കപ്പെടുന്നവർ ജാതി, മത താൽപ്പര്യങ്ങൾക്ക് കീഴ്പ്പെടുന്നതിലൂടെ ജനഹിതം അട്ടിമറിക്കപ്പെടുകയാണെന്ന് അയനം ഓർമ്മപ്പെടുത്തി. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ ഈ സ്ഥിതി ഒഴിവാക്കാനാകൂ. പണാധിപത്യത്തിൽ നിന്ന് തിരഞ്ഞെടുപ്പുകൾ മുക്തമാവുകയും യഥാർത്ഥ ജനഹിതം നിറവേറ്റപ്പെടുകയും വേണം. സാമുദായിക താൽപര്യങ്ങൾക്കതീതമായി സമൂഹവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാനുഷിക മൂല്യങ്ങൾക്കായി ഒന്നിച്ചു നിൽക്കേണ്ടതുണ്ട്. വർഗീയ രാഷ്ട്രീയത്തിൻ്റെ വിപത്തിനെതിരെ സാംസ്ക്കാരിക പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അയനം പ്രമേയത്തിലൂടെ ഓർമ്മിപ്പിച്ചു.
അയനം – ഡോ. സുകുമാർ അഴീക്കോട് ഇടത്തിൽ നടന്ന വാർഷിക യോഗത്തിൽ ചെയർമാൻ വിജേഷ് എടക്കുന്നി അധ്യക്ഷത വഹിച്ചു. കൺവീനർ പി.വി. ഉണ്ണികൃഷ്ണൻ പ്രമേയം അവതരിപ്പിച്ചു. യു.എസ്. ശ്രീശോഭ്, ടി.എം. അനിൽകുമാർ, എം.ആർ. മൗനീഷ്, ജീൻ രാജ് ജീ, ഹാരീഷ് റോക്കി എന്നിവർ സംസാരിച്ചു.