Thursday, November 14, 2024
HomeThrissur Newsകടലോരപ്പക്ഷികൾ വംശനാശ ഭീഷണിയിൽ
spot_img

കടലോരപ്പക്ഷികൾ വംശനാശ ഭീഷണിയിൽ

തൃശൂർ: കേരളത്തിൽ ദേശാടനത്തിനെത്തുന്ന കടലോരപ്പക്ഷികൾ വംശനാശ ഭീഷണി നേരിടുന്നതായി ഐയുസിഎൻ റിപ്പോർട്ട്‌. അതേസമയം വനമേഖലയിലുള്ള പക്ഷികളുടെ സ്ഥിതി മെച്ചപ്പെട്ടത്‌ ശുഭ സൂചനയായി. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ കഴിഞ്ഞ മാസം പുറത്തിറക്കിയ ചുവന്ന പട്ടിക പ്രകാരം രാജ്യത്തെ 25 പക്ഷികളുടെ സ്ഥിതിയാണ്‌ പുതുക്കിയത്‌. മണിപ്പൂർ കാട, വെള്ളച്ചിറകൻ കാട്ടുതാറാവ്‌ എന്നിവ അതിഗുരുതര വംശനാശ ഭീഷണിപ്പട്ടികയിലേക്ക്‌ മാറി. കേരളത്തിൽ കാണുന്ന 13 പക്ഷികൾ ലിസ്‌റ്റിൽ ഇടംപിടിച്ചു. ഇതിൽ ആറിനങ്ങൾക്കാണ്‌ വംശനാശ ഭീഷണി.

കേരളത്തിലെ കടൽത്തീരത്തും തണ്ണീർത്തടങ്ങളിലും വസിക്കുന്ന ചാരമണൽക്കോഴി, വരയൻ മണലൂതി, കടൽക്കാട, ഉണ്ടക്കണ്ണൻ മണലൂതി എന്നിവ വംശനാശഭീഷണി നേരിടുന്ന പക്ഷിപ്പട്ടികയിൽ പുതുതായി ഉൾപ്പെട്ടു. കല്ലുരുട്ടിക്കാട, ഡൻലിൻ എന്നിവ വംശനാശ ഭീഷണിക്കരികിലെത്തി. അതേസമയം തണ്ണീർത്തടപ്പക്ഷികളായ വെള്ള ഐബിസും ചേരക്കോഴിയും വംശനാശഭീഷണിയിൽനിന്ന്‌ മാറി.

വനമേഖലയിലെ പക്ഷികളായ മഞ്ഞത്താലി, പോതകിളി എന്നിവ അതീവ വംശനാശ ഭീഷണി നേരിടുന്ന പട്ടികയിലായിരുന്നു. നീലിഗിരിച്ചിലപ്പൻ, നീലിഗിരി ഷോലക്കിളി, സന്ധ്യക്കിളി എന്നിവ വംശനാശ ഭീഷണി നേരിടുന്നവയായിരുന്നു. പുതിയ പട്ടികയിൽ മഞ്ഞത്താലി വംശനാശഭീഷണിപ്പട്ടികയിൽനിന്ന്‌ മാറി. മറ്റു നാലിനങ്ങൾ ഈ പട്ടികയിൽ നിന്ന്‌ താഴ്‌ന്ന്‌ വംശനാശഭീഷണിയുടെ അരികിലേക്ക്‌ മാറിയത്‌ പ്രതീക്ഷയുളവാക്കുന്നതായി പക്ഷി ശാസ്‌ത്രജ്ഞൻ ഡോ. പി ഒ നമീർ പറഞ്ഞു.
ദേശാടനപ്പക്ഷികളുടെ സംരക്ഷണ അന്താരാഷ്‌ട്ര ഉടമ്പടി (-സിഎംഎസ്‌) പ്രകാരം, ഈ പക്ഷികൾ പ്രജനനം നടത്തുന്നതും ദേശാടനത്തിനെത്തുന്നതുമായ രാജ്യങ്ങളിൽ സംരക്ഷണം ഉറപ്പാക്കണം. ഈ ഉടമ്പടിയിൽ ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്‌. കടലോരങ്ങളെ ആവാസവ്യവസ്ഥകളായി പരിഗണിച്ച്‌ ഇവയുടെ സംരക്ഷണം ഉറപ്പാക്കണം. നവംബർ 12 , പക്ഷിമനുഷ്യൻ എന്നറിയപ്പെടുന്ന ഡോ. സലിം അലിയുടെ ജന്മദിനവും ദേശീയ പക്ഷി നിരീക്ഷണ ദിനവുമാണ്‌. ഈ സന്ദർഭത്തിൽ പക്ഷി സംരക്ഷണത്തിന്‌ പ്രാധാന്യമേറുന്നതായും അദ്ദേഹം പറഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ അടങ്ങിയതാണ്‌ ഐയുസിഎൻ ചുവന്നപട്ടിക. ഓരോ ജീവികളും അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ അടിസ്ഥാനത്തിൽ ഇവയെ തരംതിരിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾ പ്രകാരമാണ്‌ ചുവന്നപട്ടിക പുറത്തിറക്കുന്നത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments