ആലുവ : പ്രഭാതനടത്തത്തിനിടെ വാഹനാപകടത്തിൽപ്പെട്ട യുവാവിന് തുണയായി എ എ റഹിം എംപി. തിങ്കൾ പുലർച്ചെ 5.45ന് ഉളിയന്നൂർ സ്വദേശി ഇന്ദീവരം വീട്ടിൽ വിപിനാണ് (46) മാർത്താണ്ഡവർമ പാലത്തിൽ അപകടത്തിൽപ്പെട്ടത്. ആലുവ മാർക്കറ്റിൽനിന്ന് പച്ചക്കറി കയറ്റിവന്ന വാൻ പിന്നിൽ ഇടിക്കുകയായിരുന്നു.
റോഡിൽ വീണ വിപിന് സാരമായി പരിക്കേറ്റു. നടപ്പാതയിലേക്ക് ഇടിച്ചുകയറിയ വാൻ റോഡിലേക്ക് മറിഞ്ഞു. ഈ സമയം ആലുവ പാലസ് ഗസ്റ്റ് ഹൗസിൽനിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന എ എ റഹിം റോഡിലെ ഗതാഗതക്കുരുക്കിൽപ്പെട്ടു. അപകടവിവരം അറിഞ്ഞതോടെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ആംബുലൻസ് സർവീസ് നടത്തുന്ന സുഹൃത്ത് മനോജ് ജോയിയെ വിളിച്ചുവരുത്തി വിപിനെ ആശുപത്രിലേക്ക് കയറ്റിവിട്ടശേഷമാണ് എംപി യാത്ര തിരിച്ചത്.
കാലിന് സാരമായി പരിക്കേറ്റ വിപിൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വാൻഡ്രൈവർക്ക് പരിക്കില്ല. വിപിൻ നടപ്പാത വിട്ട് റോഡിലേക്ക് ഇറങ്ങിനടന്നതും വാനിന്റെ അമിതവേഗവും അപകടത്തിന് ഇടയാക്കിയെന്നാണ് പ്രാഥമികനിഗമനം.