തിരുവനന്തപുരം: അരുവിക്കര പഞ്ചായത്ത് കളത്തുകാൽ വാർഡിലെ കുടുംബശ്രീ ജൈവീക പ്ലാന്റ് നഴ്സറി ഹരിതോദയം സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ചു. ചരുവിളാകത്ത് വീട്ടിൽ ജഗദമ്മയുടെ വീട്ടിലും അതിന്റെ എതിർവശത്തെ വസ്തുവിലുമായി പ്രവർത്തിക്കുന്ന നഴ്സറിയാണ് തീയിട്ടത്. അഞ്ച് കുടുംബങ്ങളുടെ ഉപജീവനമാർഗമാണ് ഇതോടെ ഇല്ലാതായത്. നഴ്സറി പ്രവർത്തിച്ചിരുന്ന സ്ഥലവുമായി ബന്ധപ്പെട്ട ഉടമസ്ഥാവകാശത്തെ ചൊല്ലി കുടുംബവഴക്ക് ഉണ്ടായിരുന്നു.
രണ്ട് മാസങ്ങൾക്ക് മുമ്പ് പ്രദേശവാസിയായ യുവതി സ്ഥാപനത്തിന്റെ ബോർഡ് നശിപ്പിച്ചിരുന്നു. സ്ഥാപനം മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്ന ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് സംഭവം. സിസിടിവി പരിശോധനയിൽ ഒരു സംഘം ആളുകൾ തീയിടുന്നതായി കണ്ടെത്തിട്ടുണ്ട്. നഴ്സറിയുടെ ഷെഡ്, ഇരുമ്പ് വേലി, കാർഷിക ഉപകരണങ്ങൾ, ഫലവൃക്ഷത്തൈകൾ എന്നിവ നശിപ്പിച്ചു. അഞ്ച് ലക്ഷം രൂപയിലധികം നഷ്ടമുള്ളതായി പറയുന്നു. അരുവിക്കര പൊലീസിൽ പരാതി നൽകി.